| Thursday, 21st May 2026, 10:19 pm

ഇതെന്തോന്ന് ദൃശ്യം... ഒറിജിനല്‍ സിനിമ അജയ് ദേവ്ഗണ്‍ കാണിച്ചുതരുമെന്ന് ഹിന്ദി സിനിമാപേജുകള്‍, മറുപടിയുമായി മലയാളികള്‍

അമര്‍നാഥ് എം.

ലോകയും വാഴയും ഇട്ടുവെച്ചിട്ട് പോയ റെക്കോഡുകള്‍ ദിവസങ്ങള്‍ കൊണ്ട് തകര്‍ക്കുമെന്നാണ് ദൃശ്യം 3യുടെ ആദ്യദിന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോളിവുഡിലെ ഏറ്റവും ഹിറ്റ് ഫ്രാഞ്ചൈസിയുടെ തേര്‍ഡ് ഇന്‍സ്റ്റാള്‍മെന്റിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച ലെവലില്‍ ട്വിസ്റ്റും സസ്‌പെന്‍സുമൊന്നും ഇല്ലെങ്കിലും മോഹന്‍ലാലിന്റെ പ്രകടനം ദൃശ്യം 3യെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോ അവസാനിച്ചതുമുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പുതിയൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. ദൃശ്യത്തിന്റെ മലയാളം വേര്‍ഷനെ ഇകഴ്ത്തിക്കാട്ടിയും ഹിന്ദി വേര്‍ഷനെ പുകഴ്ത്തിയും ചില ബോളിവുഡ് പേജുകള്‍ പങ്കുവെച്ച പോസ്റ്റുകളിലൂടെയാണ് ചര്‍ച്ചക്ക് തുടക്കം കുറിച്ചത്.

ദൃശ്യം 3 മലയാളം വേര്‍ഷന്‍ നിരാശപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. പ്രേക്ഷരെ പിടിച്ചിരുത്തുന്ന ഒന്നുംതന്നെ ചിത്രത്തിലില്ലെന്നും ചിത്രം പരാജയമാകുമെന്നും പോസ്റ്റില്‍ പറയുന്നു. അജയ് ദേവ്ഗണ്‍ ദൃശ്യം 3യുടെ സ്‌ക്രിപ്റ്റിന് പകരം പുതിയ ഒന്ന് തയാറാക്കാന്‍ തീരുമാനിച്ചത് നന്നായെന്നും അത് മലയാളം വേര്‍ഷന് മാതൃകയാകുമെന്നും പോസ്റ്റിലുണ്ട്. ബോളിവുഡ് സിനിമാപേജായ സിനിഹബ്ബാണ് പോസ്റ്റ് പങ്കുവെച്ചത്.

എന്നാല്‍ ഇതിനെതിരെ മലയാളികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അജയ് ദേവ്ഗണ്‍ ബോളിവുഡില്‍ നിലനില്‍ക്കുന്നത് തന്നെ മലയാളസിനിമയുടെ ദാനം കൊണ്ടാണെന്ന് പലരും മറുപടി നല്‍കി. മലയാളം വേര്‍ഷനെ കോപ്പി പേസ്റ്റ് ചെയ്തുകൊണ്ട് ഒരുക്കിയ ദൃശ്യം 1ഉം 2ഉം കൊണ്ടാണ് ബോളിവുഡില്‍ വല്ലപ്പോഴെങ്കിലും അജയ് ദേവ്ഗണിന് ഹിറ്റ് കിട്ടുന്നതെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.

ദൃശ്യത്തിന്റെ മൂന്ന് ഭാഗങ്ങളിലും മോഹന്‍ലാല്‍ ചെയ്തുവെച്ചതിന്റെ പകുതി പെര്‍ഫോമന്‍സ് പോലും അജയ് ദേവ്ഗണിനെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ദൃശ്യം 3യുടെ ബുക്ക്‌മൈഷോ സ്റ്റാറ്റസ് പങ്കുവെച്ചുകൊണ്ടും ചിലര്‍ സിനിഹബ്ബിന് മറുപടി നല്‍കുന്നുണ്ട്.

ദൃശ്യം ഫ്രാഞ്ചൈസിയില്ലെങ്കില്‍ വിമല്‍ പാന്‍ മസാലയുടെ പരസ്യം ചെയ്ത് കഴിഞ്ഞുകൂടേണ്ടി വന്നേനെയന്നും പരിഹസിക്കുന്നവരുണ്ട്. അജയ് ദേവ്ഗണിന്റെ വേര്‍ഷനാണ് ഒറിജിനലെന്ന് ഇപ്പോഴും പലരും തെറ്റിദ്ധരിക്കുന്നുണ്ടെന്നും എന്നാല്‍ സത്യം എല്ലാവര്‍ക്കും അറിയാമെന്നും രൂക്ഷമായ ഭാഷയില്‍ പലരും മറുപടി പങ്കുവെക്കുന്നതും കാണാനാകും.

സൗത്ത് ഇന്ത്യന്‍ സിനിമകളുടെ റീമേക്ക് കൊണ്ട് മാത്രം ജീവിച്ചുപോകുന്ന ഒരുകൂട്ടം താരങ്ങളാണ് ബോളിവുഡിലുള്ളതെന്നും സോ കോള്‍ഡ് ബോളിവുഡ് സിനിമാപ്രേമികള്‍ക്ക് ഇക്കാര്യം അംഗീകരിക്കാന്‍ മടിയാണെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയുടെ ടോപ് സ്ഥാനം അലങ്കരിച്ച ബോളിവുഡ് ഇന്ന് അതിന്റെ മോശം അവസ്ഥയിലാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: Debate on Drishyam 3 Malayalam and Hindi version viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more