കൊല്ലം: കൊല്ലം മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി കസ്റ്റഡിയില്‍. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാര്‍ (56) പിടിയിലായത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേയര്‍ ഹണി ബെഞ്ചമിന്റെ ആശ്രാമം വൈദ്യശാല ജങ്ഷന് സമീപത്തുള്ള വീടിന് മുമ്പിലേക്ക് പ്രതി കത്തിയുമായി എത്തുകയായിരുന്നു.
തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ ഒരു സ്ത്രീ, ഒരാള്‍ കത്തിയുമായി വന്ന് മേയറുടെ വീട് അന്വേഷിച്ചുവെന്നും സൂക്ഷിക്കണമെന്നും മേയറുടെ പങ്കാളിയെ അറിയിക്കുകയായിരുന്നു.
പിന്നാലെ മേയര്‍ പൊലീസില്‍ പരാതിപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പരാതിയില്‍ കേസെടുക്കുകയും ചെയ്തു. മേയറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. പ്രതിയെ നേരിട്ട് കണ്ടവരും പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
സംഭവമറിഞ്ഞ് സുഹൃത്തുക്കളും സഹോദരനും ഉള്‍പ്പെടെ ബന്ധപ്പെട്ടതിന് പിന്നാലെയാണ് മേയര്‍ പൊലീസില്‍ പരാതിപ്പെട്ടത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷര്‍ക്കാണ് മേയര്‍ പരാതി നല്‍കിയത്.
അതേസമയം പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ പാന്റും ഷര്‍ട്ടും ധരിച്ച് തൊപ്പിയണിഞ്ഞ് ഒരാള്‍ നടന്നുവരുന്നുണ്ടെങ്കിലും പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇടത്തെ കൈയില്‍ നിന്ന് വലതുകൈയിലേക്ക് എന്തോ മാറ്റുന്നതായും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിസ തട്ടിപ്പില്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് 52കാരനായ അജികുമാര്‍.
Content Highlight: Death threat against Kollam Mayor; Accused in police custody