| Thursday, 16th July 2015, 12:43 pm

സഫിയ വധക്കേസ്: ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ; ഭാര്യ മൈമൂനക്ക് 6 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


കാസര്‍കോട്:  സഫിയ വധക്കേസില്‍ ഒന്നാം പ്രതി കെ.സി ഹംസയ്ക്ക് വധശിക്ഷ. ഹംസക്ക് പത്ത് ലക്ഷം രൂപയും കോടതി പിഴ ഈടാക്കിയിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമൂനയ്ക്ക് ആറ് വര്‍ഷവും നാലാം പ്രതിക്ക് മൂന്ന് വര്‍ഷവും തടവ് വിധിച്ചു. മൈമൂന മൂന്ന് വര്‍ഷം ജയിലിലായിരുന്നതിനാല്‍ ശേഷിക്കുന്ന മൂന്ന് വര്‍ഷം തടവനുഭവിച്ചാല്‍ മതി. ഹംസയുടെ ബന്ധുവായ കുമ്പള ആരിക്കാടി കുന്നില്‍ എം.അബ്ദുല്ലക്ക് മൂന്നു വര്‍ഷവും തടവും കോടതി വിധിച്ചിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം.ജെ.ശക്തിധരന്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 361 ാം വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോകല്‍, വകുപ്പ് 302 പ്രകാരം കൊലപാതകം, 201 പ്രകാരം കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിക്കല്‍, തടങ്കിലില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക്് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ഹാജരായി.

കേസിലെ രണ്ടാം പ്രതിയായ ദൊഡ്ഡപ്പിള്ളി മൊയ്തു ഹാജി, അഞ്ചാം പ്രതി റിട്ട.എ.എസ്.ഐ പി.എന്‍.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന കാരണത്താല്‍ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

2006 ഡിസംബര്‍ 22നാണ് കര്‍ണ്ണാടക കുടക് ജില്ലയിലെ അയ്യങ്കേരി മൊയ്തുവിന്റെയും ആയിഷയുടെയും മകളായ സഫിയ ഗോവയില്‍ കൊല ചെയ്യപ്പെടുന്നത്. കൊല്ലപ്പെടുമ്പോള്‍ ഒന്നാം പ്രതി മാസ്തികുണ്ട് സ്വദേശിയും ഗോവയില്‍ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നയാളുമായ ഹംസയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു പതിമൂന്നുകാരിയായ സഫിയ.

കേസ് അന്വേഷിച്ച് ഒന്നരവര്‍ഷത്തിനുശേഷം ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റിയതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിയുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസ് തെളിയിച്ചത്.

We use cookies to give you the best possible experience. Learn more