ചിറ്റഗോങ്: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ബിന്‍ ഹാദിയുടെ മരണത്തോടെയുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ വിസ അപേക്ഷ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തി.
ചിറ്റഗോങ്ങിലെ ചട്ടോഗ്രാമിലെ ഇന്ത്യന്‍ വിസ അപ്ലിക്കേഷന്‍ സെന്ററാ(ഐ.വി.എ.സി)ണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് അന്തിമ തീരുമാനമെടുക്കുന്നതുവരെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് ഐ.വി.എ.സി ബംഗ്ലാദേശ് അറിയിച്ചു.
അടുത്തിടെയുണ്ടായ സുരക്ഷാ പ്രശ്‌നം കാരണം വിസ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും ചിറ്റഗോങ്ങിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ (എ.എച്ച്.സി.ഐ)പ്രസ്താവനയില്‍ പറഞ്ഞു.
ചിറ്റഗോങ്ങിലെ ഖുല്‍ഷിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അസിസ്റ്റന്റ് ഓഫീസിന് സമീപത്ത് കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
ഹാദിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഒത്തുകൂടിയ പ്രതിഷേധ യോഗം അക്രമാസക്തമാവുകയും പൊലീസ് ഇടപെടലുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഒരു പൊലീസുകാരനുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഹൈക്കമ്മീഷന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിലെ ഉപഷഹര്‍ അസിസ്റ്റന്റ്‌റ് ഹൈക്കമ്മീഷന്‍ ഓഫീസിനും ശോഭനിഘട്ടിലെ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷാപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ റിയാസ് ഹമീദുല്ലയെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു.
Content Highlight: Death of student leader Hadi; Indian Visa Application Centre in Chittagong shuts down