| Thursday, 30th January 2025, 6:27 pm

ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ മരണം; അമ്മാവന്‍ ഹരികുമാര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍ അറസ്റ്റില്‍. കുഞ്ഞിന്റെ ജീവനെടുക്കാന്‍ കാരണമായത് സഹോദരിയോടുള്ള വൈരാഗ്യമെന്നാണ് വിവരം.

കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയെയും അച്ഛനെയും മുത്തശ്ശിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അച്ഛനെയും മുത്തശ്ശിയേയും പൊലീസ് വിട്ടയച്ചു. അമ്മയെ ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

രണ്ടുവയസുകാരി ദേവേന്ദുവിനെയാണ് ജീവനോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിൻ്റേത് മുങ്ങിമരണമാണെന്ന് വ്യക്തമായിട്ടുണ്ട്. ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ദേവേന്ദുവിന്റെ മൃതദേഹം ബാലരാമപുരത്തെ വീട്ടിൽ സംസ്കരിച്ചു. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റില്‍ രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തില്‍ വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടാവുകയും ചെയ്‌തിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കയറും മണ്ണെണ്ണയും ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്നലെ (ബുധൻ) 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്.

Content Highlight: Death of a two-year-old girl in Balaramapuram; Uncle Harikumar arrested

We use cookies to give you the best possible experience. Learn more