‘ഡിയര്‍ കോമ്രേഡ്’ … പേര് കേള്‍ക്കുമ്പോള്‍ ഒരു പൊളിറ്റിക്കല്‍ സിനിമയാണെന്ന തോന്നല്‍ ഉണ്ടാകുമെങ്കിലും രാഷ്ട്രീയം മാത്രം സംസാരിക്കുന്ന സിനിമയല്ല വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാനവേഷത്തിലെത്തിയ ഡിയര്‍ കോമ്രേഡ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ചിത്രം. ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ സി.ഐ.എ എന്ന സിനിമയുടെ റീമേക്ക് ആണെന്ന് റിലീസിന് മുമ്പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അങ്ങിനെയല്ല.
ബോബിയുടെയും ലില്ലിയുടെയും പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ആകെ തുക. ഇടതുപക്ഷ ആഭിമുഖ്യമുള്ള സ്റ്റുഡന്റസ് യൂണിയന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ബോബി. വളരെ പെട്ടന്ന് ദേഷ്യം വരുന്ന എടുത്തുചാട്ടക്കാരനായ ഒരാള്‍. അവിടേക്കാണ് പഴയ കളികൂട്ടുകാരിയും സ്റ്റേറ്റ് ക്രിക്കറ്റ് പ്ലെയറുമായ ലില്ലി അവളുടെ ചേച്ചിയുടെ കല്ല്യാണ ആവശ്യത്തിനായി എത്തുന്നത്.
ബോബിയുടെ എടുത്തുചാടിയുള്ള സ്വഭാവം പലപ്പോഴും കൂട്ടുകാര്‍ക്കടക്കം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം പോരാട്ടമാണെന്നാണ് ബോബിയുടെ പക്ഷം കൂട്ടുകാര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പ്രശ്‌നമുണ്ടായാല്‍ അത് ബോബി കൂടെയുണ്ടാകും എന്നാല്‍ പലതും അടിയിലാണ് അവസാനിക്കുക. അതേസമയം രാഷ്ട്രീയത്തിന് താല്‍പ്പര്യമില്ലെന്നും കോളേജില്‍ രാഷ്ട്രീയത്തിന് അനുവദിക്കില്ലെന്നും ബോബി പറയുന്നുണ്ട്.
ഇതിനിടെയാണ് ലില്ലിയുമായി ബോബി പ്രണയത്തിലാവുന്നത്. പ്രമേയപരമായി പുതുമകള്‍ അവകാശപ്പെടാനില്ലെങ്കിലും ടിപ്പിക്കല്‍ തെലുങ്കുപടത്തിന്റെ രീതിയിലെ അല്ല ഡിയര്‍ കോമ്രേഡ് കഥ പറഞ്ഞു പോകുന്നത്. പ്രധാനമായും രണ്ട് കാലഘട്ടങ്ങളിലായാണ് ചിത്രത്തിലെ കഥ നടക്കുന്നത്.
ആദ്യപകുതിയില്‍ ലില്ലിയുടെയും ബോബിയുടെയും കണ്ട് മുട്ടലും അവര്‍ക്കിടയിലെ പ്രണയവും പ്രശ്‌നങ്ങളുമാണ് പറഞ്ഞുപോകുന്നത്. കൂടെ ബോബിയുടെ ജീവിത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില സംഭവങ്ങളും. രണ്ടാം പകുതിയില്‍ അപ്രതീക്ഷിതമായി ഇരുവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളും ലോകം മുഴുവന്‍ ചര്‍ച്ചയാവുന്ന ഒരു സോഷ്യല്‍ ഇഷ്യുവും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യം ചിത്രത്തിനുണ്ട്. അവശ്യമില്ലാത്ത ദൈര്‍ഘ്യം എന്ന് തന്നെ പറയാം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കഥ പറച്ചില്‍ പതിയെ ആവുന്നുണ്ട് എന്നത് തന്നെയാണ് ചിത്രത്തിന്റെ പോരായ്മ.
ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ മികച്ചു നിന്നു. പക്ഷേ തെലുങ്കില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് അവതരിപ്പിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും അനുഭവപ്പെട്ടു. ബി.ജി.എം ചിത്രത്തിന്റെ മൂഡ് ശരിയായ രീതിയില്‍ തരുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ മുദ്രാവാക്യം വിളികള്‍ പലതും അരോചകമായി തോന്നി.
ചിത്രത്തില്‍ രശ്മികയുടെ അഭിനയം എടുത്ത് പറയേണ്ടതാണ്. കേവലം ഒരു നായിക കഥാപാത്രം എന്നതിന് അപ്പുറത്ത് രശ്മികയിലെ അഭിനയത്രിയെ ഉപയോഗപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ശ്രൂതി രാമചന്ദ്രന്റെ കഥാപാത്രവും മികച്ചതായിരുന്നു. ചിത്രം ചിലയിടങ്ങളിലെങ്കിലും വിജയ് ദേവരകൊണ്ടയുടെ അര്‍ജുന്‍ റെഡ്ഡിയെയും ഗീതാഗോവിന്ദത്തിനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഭരത് കാമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകര്‍ ആണ് സുജിത് സാരങ്കിന്റെ ക്യാമറയും എടുത്ത് പറയേണ്ടതാണ്. മികച്ച ദൃശ്യനുഭവം നല്‍കാന്‍ സുജിത്തിന് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തില്‍ ഒരേസമയം മികച്ചതും എന്നാല്‍ പോരായ്മയായും തോന്നിയത് സ്ഥലപ്പേരുകളും ബോര്‍ഡുകളുമാണ്. തെലുങ്കിലും കന്നടയിലും മലയാളത്തിലും തമിഴിലും ഒരേ സമയം ഇറങ്ങുന്ന ചിത്രത്തിന്റെ മലയാള ഭാഗത്തില്‍ പശ്ചാത്തലം കേരളം തന്നെയാണ് ബോര്‍ഡുകളും സ്ഥലപേരുകളും മലയാളത്തില്‍ തന്നെയാക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ചില ലോജിക് ഇല്ലായ്മകള്‍ അപ്പോഴും മുഴച്ചു നില്‍ക്കുന്നുണ്ട്. ബോബിയുടെ കോളേജ് തൃശ്ശൂരും അവിടുത്തെ പൊലീസ് സ്റ്റേഷന്‍ അഴീക്കോടും റെയില്‍വേ സ്റ്റേഷന്‍ കണ്ണൂരും ഒക്കെയായിട്ടുള്ള സംഭവങ്ങള്‍.
ചുരുക്കി പറഞ്ഞാല്‍ വിപ്ലവത്തിനേക്കാള്‍ പ്രണയത്തിന് പ്രധാന്യം നല്‍കുന്ന , പ്രണയത്തിന്റെ വ്യത്യസ്ഥ ഭാവങ്ങള്‍ കാണിച്ചുതരുന്ന സിനിമയാണ് ഡിയര്‍ കോമ്രേഡ്.