ടെല്‍ അവീവ്: ഗസയിലെ വെടിനിര്‍ത്തല്‍ താത്കാലികമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് നെതന്യാഹു പറഞ്ഞു.
കരാറിന്റെ രണ്ടാംഘട്ടം ശ്യൂന്യമാണെന്ന് തെളിഞ്ഞാല്‍ അതീവ ശക്തിയോടെ ഗസയില്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഈ തീരുമാനത്തെ അമേരിക്ക പിന്തുണക്കുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നെതന്യാഹുവിന്റെ മലക്കം മറിച്ചില്‍.
അതേസമയം ഗസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിറും ജൂത പവര്‍ പാര്‍ട്ടിയും സര്‍ക്കാരില്‍ നിന്ന് രാജിവെച്ചു. യിത്സാക് വാസ്സര്‍ലൗഫ്, അമിചൈ എലിയാഹു, കമ്മിറ്റി ചെയര്‍മാരായ സ്വിക ഫോഗല്‍, ലിമോര്‍ സണ്‍ ഹര്‍-മെലെക്ക്, എം.കെ. യിത്സാക്ക് ക്രോയിസര്‍ എന്നിവരും സ്ഥാനമൊഴിഞ്ഞു.
ഇസ്രഈല്‍ സുരക്ഷാ കാബിനറ്റ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ രാജിവെക്കുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ (ശനി) പുലര്‍ച്ചയോടെ സമ്പൂര്‍ണ ഇസ്രഈല്‍ മന്ത്രിസഭ കരാര്‍ അംഗീകരിക്കുകയായിരുന്നു.
നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയിലെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് പ്രതിനിധികളാണ് കരാറിനെ പ്രതികൂലിച്ച് വോട്ട് ചെയ്തത്. 24 മന്ത്രിമാര്‍ കരാറിനെ അനുകൂലിക്കുകയും ചെയ്തു.
നിലവില്‍ ഇസ്രഈല്‍ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് ഗസയിലെ യുദ്ധം തുടരുമെന്നും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും പറഞ്ഞു. കരാറിനെ അംഗീകരിക്കാത്ത മന്ത്രിമാരില്‍ സ്‌മോട്രിച്ചും ഉള്‍പ്പെടുന്നുണ്ട്.
അതേസമയം സ്‌മോട്രിച്ചിന്റെ പാര്‍ട്ടിയായ മത സയണിസം പാര്‍ട്ടി ഇതുവരെ രാജിക്ക് തയ്യാറായിട്ടില്ല . പാര്‍ട്ടി മുന്നോട്ടുവെച്ച ഏതാനും ആവശ്യങ്ങള്‍ നെതന്യാഹു അംഗീകരിച്ചുവെന്നും അതിനാല്‍ രാജിയെ കുറിച്ച് സ്‌മോട്രിച്ച് ചിന്തിക്കുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിന്റെയും യു.എസിന്റെയും ഈജിപ്തിന്റേയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലൂടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമായത്. 42 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് പ്രാബല്യത്തില്‍ വരാനിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ഹമാസിന്റെ പക്കലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 33 ബന്ദികളെ ഇസ്രഈലിന് കൈമാറും. ഇതിന് പകരമായി ഇസ്രഈലിന്റെ തടവിലുള്ള 2000ത്തോളം ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.
ഇസ്രഈല്‍ ഓരോ സിവിലിയന്‍ ബന്ദിക്കായി 30 ഫലസ്തീന്‍ തടവുകാരെയും ഓരോ ഇസ്രഈല്‍ വനിതാ സൈനികര്‍ക്കായി 50 തടവുകാരെയും മോചിപ്പിക്കും. രണ്ടാമത്തെ ഘട്ടത്തില്‍ ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും.
കൂടാതെ സ്ഥിരമായ വെടിനിര്‍ത്തലിനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറണം. മൂന്നാംഘട്ടത്തില്‍ ഗസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചര്‍ച്ചകളും ആരംഭിക്കും.
നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 46,899 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 110,725 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Deal won’t go into effect if Hamas did’nt releases names of hostages: Netanyahu