വാഷിങ്ടൺ: ചൈനയുമായുള്ള കരാറിൽ പ്രതിഷേധിച്ച് കാനഡയ്ക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
കാർഷികോൽപ്പന്നങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വ്യാപാരം സംബന്ധിച്ച് കാനഡ കഴിഞ്ഞയാഴ്ച ചൈനയുമായി കരാറിൽ എത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
ചൈനയുമായി ഒരു കരാറിൽ ഏർപ്പെട്ടാൽ, അമേരിക്കയിലേക്ക് വരുന്ന എല്ലാ കനേഡിയൻ ഉത്പ്പന്നങ്ങൾക്കും മേൽ 100% തീരുവ ചുമത്തുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
ചൈനീസ് ഉത്പ്പന്നങ്ങൾ അമേരിക്കയിലേക്ക് കടത്താനുള്ള ഒരു ‘ഇടത്താവളമായി’ (Drop Off Port) കാനഡയെ മാറ്റാമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് വലിയ തെറ്റുപറ്റിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ബോർഡ് ഓഫ് പീസിൽ ചേരുന്നതിന് വേണ്ടി കാനഡക്ക് അയച്ച ക്ഷണം പിൻവലിച്ചതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ മാർക്ക് കാർണിയുടെ അമേരിക്കയ്ക്ക് എതിരായുള്ള പ്രസംഗം ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
‘ശക്തരായ രാജ്യങ്ങൾ സാമ്പത്തിക ഏകീകരണം ആയുധങ്ങളായും തീരുവകൾ സ്വാധീന ശക്തിയായും ഉപയോഗിക്കുന്നു’ എന്നായിരുന്നു കാർണിയുടെ അമേരിക്കക്കെതിരെയുള്ള പ്രസ്താവന.
തങ്ങൾ ചൈനയുമായുള്ള വ്യാപാര കരാറിൽ ഒപ്പുവച്ചതിലൂടെ അമേരിക്കൻ മേധാവിത്വത്തെ ചെറുക്കാൻ മധ്യശക്തികൾക്ക് എങ്ങനെ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ദാവോസിലെ പ്രസംഗത്തിൽ പറഞ്ഞു.
അമേരിക്ക കാരണമാണ് കാനഡ ജീവിക്കുന്നതെന്നും ആ ഔദാര്യത്തിന് നന്ദിയുള്ളവനായിരിക്കണമെന്നും ട്രംപ് കാർണിക്കു മറുപടിനൽകിയിരുന്നു.
Content Highlight: Deal with China; Trump threatens to impose 100 percent tariffs on Canada