| Saturday, 13th June 2026, 1:09 pm

എബോളയും ആന്ത്രാക്‌സും ഉള്‍പ്പെടെ മാരക വൈറസുകള്‍; യു.എസ് ധനസഹായത്തോടെയുള്ള ഉക്രെയ്ന്‍ ബയോലാബ് രേഖകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഉക്രെയ്‌നിലേത് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ യു.എസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബയോലാബുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങളും രേഖകളും പുറത്തുവിട്ട് യു.എസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് തുളസി ഗബ്ബാര്‍ഡ്.

30-ലധികം രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന 120-ലധികം ബയോലാബുകള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവണ്‍മെന്റ് ദീര്‍ഘകാലമായി ധനസഹായം നല്‍കി വരുന്നുണ്ടെന്നതിന്റെ തെളിവുകളാണ് രേഖകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ലാബുകളുടെ നടത്തിപ്പില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വാഷിങ്ടണിന്റെ മുന്‍ നിലപാടുകളെ പൂര്‍ണ്ണമായി തള്ളുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം, ആന്ത്രാക്‌സ്, ഏവിയന്‍ ഫ്‌ളൂ, എബോള, പ്ലേഗ്, ക്ഷയം എന്നിവയുള്‍പ്പെടെയുള്ള പ്രത്യേകിച്ച് അപകടകരമായ രോഗകാരികളുമായി പ്രവര്‍ത്തിക്കുന്ന 40 ബയോലാബുകള്‍ ഉക്രെയ്‌നില്‍ യു.എസ് നിര്‍മിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 12 എണ്ണമെങ്കിലും മനുഷ്യരില്‍ ഗവേഷണം നടത്തുന്നവയായിരുന്നു.

മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസുകളുടെ വീര്യവും മനുഷ്യരിലേക്ക് പടരാനുള്ള ശേഷിയും കൃത്രിമമായി വര്‍ധിപ്പിക്കുന്ന വിവാദപരമായ ‘ഗെയിന്‍-ഓഫ്-ഫങ്ഷന്‍’ ഗവേഷണങ്ങളില്‍ ചില ലബോറട്ടറികള്‍ ഏര്‍പ്പെട്ടിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.

ഭാഗികമായി തിരുത്തിയ രേഖകള്‍ അനുസരിച്ച്, കുറഞ്ഞത് നാല് ലബോറട്ടറികളുടെ നിര്‍മാണത്തിനും സജ്ജീകരണത്തിനുമായി 9 മില്യണ്‍ ഡോളറിലധികം യു.എസ് ധനസഹായം നല്‍കിയിട്ടുണ്ട്.

യു.എസ് ഭക്ഷ്യ-കാര്‍ഷിക വകുപ്പ്, യു.എസ് സൈന്യം, ലോകാരോഗ്യ സംഘടന , ഐക്യരാഷ്ട്രസഭ, ഒന്നിലധികം യു.എസ് സര്‍വകലാശാലകള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ ഗവേഷണങ്ങള്‍. ഹണ്ടര്‍ ബൈഡന്റെ നിക്ഷേപ സ്ഥാപനത്തിന് ഭാഗിക ഉടമസ്ഥതയുള്ള ‘മെറ്റാബയോട്ട’ എന്ന ബയോടെക് കമ്പനിയും ഇതില്‍ പങ്കാളിയാണ്.

‘ബയോലാബുകളിലെ അപകടകരമായ രോഗകാരികളെക്കുറിച്ചുള്ള ഗവേഷണം ആഗോളതലത്തില്‍ വിനാശകരമായ ആഘാതമുണ്ടാക്കാന്‍ വ്യക്തമായ സാധ്യതയുണ്ടായിട്ടും, രാഷ്ട്രീയക്കാരും ഡോ. ഫൗസിയെപ്പോലുള്ള ആരോഗ്യ വിദഗ്ധരും ബൈഡന്‍ ഭരണകൂടത്തിലെ ദേശീയ സുരക്ഷാ സംഘവും ഇതിന്റെ നിലനില്‍പ്പിനെക്കുറിച്ച് അമേരിക്കന്‍ ജനതയോട് കള്ളം പറയുകയാണ് ചെയ്തത്. സത്യം തുറന്നുകാട്ടാന്‍ ശ്രമിച്ചവരെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.’ ഗബ്ബാര്‍ഡ് പറഞ്ഞു.

ഈ ലബോറട്ടറികളിലെ വിവരശേഖരണം വര്‍ദ്ധിപ്പിക്കാന്‍ യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഗബ്ബാര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഈ സൗകര്യങ്ങളില്‍ നടക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ പുതിയ വിശദാംശങ്ങള്‍ അവരുടെ ഓഫീസ് ശേഖരിച്ചുവരികയാണ്.

2022 ഫെബ്രുവരിയില്‍ റഷ്യന്‍ സൈന്യം ഉക്രെയ്‌നില്‍ പ്രവേശിച്ചതിന് പിന്നാലെ സെലെന്‍സ്‌കി, യു.എസ് ധനസഹായമുള്ള ലാബുകളിലെ മാരക രോഗകാരികളെ അടിയന്തരമായി നശിപ്പിക്കാന്‍ ഉത്തരവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. അമേരിക്കന്‍ ജൈവ ആയുധ പദ്ധതിയിലെ പങ്കാളിത്തം മറച്ചുവെക്കാനാണ് ഈ നീക്കമെന്നായിരുന്നു റഷ്യയുടെ ആരോപണം.

ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക്, കെര്‍സണ്‍ എന്നിവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച്, റഷ്യന്‍ അതിര്‍ത്തികള്‍ക്ക് സമീപം യു.എസ് ഗവേഷണങ്ങള്‍ നടത്തിയതായി റഷ്യന്‍ റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ ഡിഫന്‍സ് ഫോഴ്‌സിലെ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറിലോവ് 2023-ല്‍ നിഗമനത്തിലെത്തിയിരുന്നു.

ഖാര്‍കോവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ ബേസ്‌മെന്റില്‍ ആന്ത്രാക്‌സും ബ്രൂസെല്ല ബാക്ടീരിയകളും സൂക്ഷിച്ചിരുന്നതായി ഗബ്ബാര്‍ഡിന്റെ രേഖകളും ശരിവെക്കുന്നുണ്ട്.

2022 മാര്‍ച്ചില്‍ അന്നത്തെ യു.എസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വിക്ടോറിയ നുലാന്‍ഡ് ഉക്രെയ്‌നില്‍ ജൈവ ഗവേഷണ സൗകര്യങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ചിരുന്നെങ്കിലും, അവ ജൈവ ആയുധങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന കാര്യം നിഷേധിച്ചിരുന്നു. റഷ്യ മനഃപൂര്‍വ്വം നുണ പ്രചരിപ്പിക്കുകയാണെന്നായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അന്നത്തെ യു.എന്‍ അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡിന്റെയും നിലപാട്.

ഗെയിന്‍-ഓഫ്-ഫങ്ഷന്‍ ഗവേഷണങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി മുന്‍നിര്‍ത്തി, ലോകമെമ്പാടുമുള്ള ഇത്തരം ഗവേഷണങ്ങള്‍ക്കുള്ള ഫെഡറല്‍ ധനസഹായം അവസാനിപ്പിച്ചുകൊണ്ട് 2025 മെയ് 25-ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് EO 14292 എന്ന നിര്‍ണായക എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു.

അതിനിടെ, ഇന്റലിജന്‍സ് രംഗത്ത് നിര്‍ണായക നീക്കങ്ങള്‍ നടത്തുന്ന തുളസി ഗബ്ബാര്‍ഡ് ഈ ജൂണ്‍ അവസാനത്തോടെ സ്ഥാനത്തുനിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭര്‍ത്താവിന് അപൂര്‍വമായ അസ്ഥി കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഗബ്ബാര്‍ഡിന് പകരമായി ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യു.എസ് അഭിഭാഷകന്‍ ജെയ് ക്ലേറ്റണെ പുതിയ ഡിഎന്‍ഐ ആയി പ്രസിഡന്റ് ട്രംപ് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. എന്നാല്‍ ബയോലാബ്‌സ് വിഷയത്തില്‍ ക്ലേറ്റണ്‍ ഇതുവരെ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Content Highlight: Deadly viruses including Ebola and Anthrax: US-funded Ukraine biolab documents exposed

We use cookies to give you the best possible experience. Learn more