ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മാവോയിസ്റ്റുകളെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനായി പ്രഖ്യാപിച്ച ഡെഡ്‌ലൈന്‍ അടുക്കുന്നതിനിടെ കണക്കുകള്‍ വിശദീകരിച്ച് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്.
ഛത്തീഡ്ഗഡ്, തെലങ്കാന അതിര്‍ത്തികളിലും ജാര്‍ഖണ്ഡിലുമായി 300ഓളം മാവോയിസ്റ്റുകളാണ് രാജ്യത്ത് അവശേഷിക്കുന്നതെന്നും മറ്റുള്ളവരെല്ലാം കൊല്ലപ്പെടുകയോ കീഴടങ്ങുകയോ ചെയ്‌തെന്നും സി.ആര്‍.പി.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനില്‍ 370 മാവോയിസ്റ്റുകളെ ഇല്ലാതാക്കിയെന്നും 2391 മാവോയിസ്റ്റുകള്‍ കീഴടങ്ങിയെന്നും 1,175 മാവോയിസ്റ്റുകളെ പിടികൂടിയെന്നും സി.ആര്‍.പി.എഫ് അറിയിച്ചു.
നിലവില്‍ സജീവമായ 300 മാവോയിസ്റ്റുകളില്‍ ഗണപതി, ദേവ്ജി, മല്ലരാജ റെഡ്ഡി, മിസിര്‍ ബെസ്ര തുടങ്ങിയ നാലുപേര്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്.
കഴിഞ്ഞവര്‍ഷം വരെ 20ഓളം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ നാലുപേര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും സേന അറിയിച്ചു.
ദേവ്ജിയെയും അദ്ദേഹത്തിന്റെ ജൂനിയര്‍ കേഡറായ കേസ സോധിയെയും പിടികൂടാനായി സി.ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ 2000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഛത്തീസ്ഗഡ്, തെലങ്കാന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ‘കെ.ജി.എച്ച്2’ എന്നാണ് ഈ ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്.
ഇതോടൊപ്പം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഒളിത്താവളങ്ങള്‍ കണ്ടെത്തി പൊളിക്കുന്നതിലുള്ള നീക്കങ്ങളും സി.ആര്‍.പി.എഫ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 88 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നത്.
2010ല്‍ 1005 പേരാണ് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അത് 2025ല്‍ 100 ആയി കുറഞ്ഞെന്നും 90 ശതമാനത്തിന്റെ കുറവാണുണ്ടായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
Content Highlight: Deadline ends in March; only 300 Maoists remain unsurrendered: CRPF