| Sunday, 26th July 2020, 8:00 pm

കൊവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കില്ല; തീരുമാനം നാട്ടുകാരുടെ ആശങ്ക പരിഗണിച്ചെന്ന് തിരുവഞ്ചൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മുട്ടമ്പലത്ത് കൊവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവെച്ചു. നാട്ടുകാരുടെ ആശങ്ക പരിഗണിച്ചാണ് സംസ്‌കാരം മാറ്റിവെച്ചത്.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലത്തെ ശ്മശാനത്ത് സംസ്‌കരിക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്‌കാരത്തിന് ജില്ലാ ഭരണകൂടം മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ ബിജെപി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധിച്ചത്.

അതേസമയം പ്രതിഷേധത്തിനിടെ എഴുന്നേറ്റ് പോകാനാഞ്ഞവരെ ഭീഷണിപ്പെടുത്തി കൗണ്‍സിലര്‍ അവിടെ ഇരിക്കണമെന്നും താനേ ഇവര്‍ക്കൊപ്പം കാണൂ എന്നും പറഞ്ഞിരുന്നു. നഗരസഭാ ശ്മശാനത്തിന്റെ കവാടം പൊലീസ് തുറന്നതോടെ നാട്ടുകാര്‍ കൂടിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കാരിക്കണമെന്നാണ് ഹരികുമാര്‍ പറയുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. ഇയാള്‍ക്ക് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മൃതദേഹം ഇടവക പള്ളിയില്‍ അടക്കാതെ മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ കൊണ്ടുവന്നതിനെതിരെയും ഒരു വിഭാഗം പ്രതിഷേധിക്കുന്നുണ്ട്.

നേരത്തെ മൃതദേഹം ചുങ്കം ചാലുകുന്നിലെ സി.എസ്.ഐ പള്ളിയില്‍ സംസ്‌കരിക്കാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ ഇതിനുള്ള സൗകര്യമില്ലെന്ന് കാണിച്ച് പള്ളി അധികാരികള്‍ അനുമതി നിഷേധിക്കുകയായിരുന്നു.

ഇത് നഗര പ്രദേശമാണെന്നും അതിനാല്‍ സംസ്‌ക്കാരം നടത്താന്‍ കഴിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more