| Wednesday, 10th September 2025, 6:20 pm

വിജയ് നിരാശപ്പെടുത്തി, പക്ഷേ രജിനി ഞെട്ടിച്ചു, ചര്‍ച്ചയായി കൂലിയിലെ ഡീ ഏജ് സീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ഏറെ പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് കൂലി. തമിഴിലെയെന്നല്ല, ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്റ്റാര്‍കാസ്റ്റിലാണ് കൂലി ഒരുങ്ങിയത്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം ഇന്ത്യന്‍ സിനിമയിലെ വമ്പന്മാര്‍ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജായിരുന്നു. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് ഒരുക്കിയ ചിത്രമായിരുന്നു കൂലി.

ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു കൂലിക്ക് ലഭിച്ചത്. അലസമായെഴുതിയ തിരക്കഥയായിരുന്നു ചിത്രത്തിന് വിനയായത്. ഒരുപാട് ലൂപ്പ്‌ഹോളുകളുള്ള തിരക്കഥയെ രക്ഷിക്കാന്‍ ലോകേഷിന്റെ മേക്കിങ്ങിന് സാധിച്ചില്ല. ആദ്യത്തെ നാല് ദിവസം കൊണ്ട് 410 കോടി നേടിയ ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ കിതക്കുകയായിരുന്നു.

എന്നാല്‍ ചിത്രം കണ്ട എല്ലാവരും ഒരുപോലെ പോസിറ്റീവ് പറഞ്ഞ ഘടകങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു രജിനിയുടെ ഫ്‌ളാഷ്ബാക്ക് പോര്‍ഷനുകള്‍. 30 വര്‍ഷം മുമ്പുള്ള രജിനിയെ അതേപടി സ്‌ക്രീനിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. തഗ് ലൈഫിനൊപ്പം ചേര്‍ത്ത് വെക്കാവുന്ന പെര്‍ഫക്ഷനായിരുന്നു കൂലിയിലെ ഡീ ഏജെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മറ്റ് ആര്‍ട്ടിസ്റ്റുകളെ വെക്കാതെ രജിനി തന്നെയാണ് ഡീ ഏജ് പോര്‍ഷനില്‍ അഭിനയിച്ചത്. ഡീ ഏജ് സീനിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മുടി നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലാണ് രജിനി ഈ പോര്‍ഷനില്‍ പ്രത്യക്ഷപ്പെട്ടത്. രജിനിയോടൊപ്പം സത്യരാജിനെ ഡീ ഏജ് ചെയ്തതും പെര്‍ഫക്ടായിട്ടുണ്ടെന്നാണ് പലരും പറയുന്നത്.

തമിഴില്‍ മുമ്പ് വന്ന പല സിനിമകളിലും നായകനെ ഡീ ഏജ് ചെയ്തത് വിമര്‍ശനത്തിന് വിധേയമായിരുന്നു. വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ താരത്തെ ഡീ ഏജ് ചെയ്തത് ട്രോളിന് വിധേയമായിരുന്നു. എന്നാല്‍ അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി, കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫ് എന്നിവയില്‍ നായകന്മാരെ ഡീ ഏജ് ചെയ്ത് അവതരിപ്പിച്ചത് കൈയടി നേടിയിരുന്നു.

കൂലിയില്‍ രജിനിയുടെ ഫ്‌ളാഷ്ബാക്ക് പോര്‍ഷന്‍ റിലീസിന്റെ തലേന്ന് വരെ അണിയറപ്രവര്‍ത്തകര്‍ രഹസ്യമാക്കി വെക്കുകയായിരുന്നു. ശിവകാര്‍ത്തികേയനാണ് രജിനിയുടെ ഫ്‌ളാഷ്ബാക്ക് അവതരിപ്പിക്കുന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ എ.ഐയിലൂടെ ഡീ ഏജ് ചെയ്ത രജിനിയുടെ സീനുകള്‍ തിയേറ്ററുകളെ ഇളക്കിമറിച്ചു.

Content Highlight: De aged scenes of Rajnikanth in Coolie appreciated by social media

We use cookies to give you the best possible experience. Learn more