| Friday, 8th May 2026, 10:06 pm

നാണക്കേടിന്റെ മുള്‍കിരീടമണിഞ്ഞ് അക്സര്‍; അനാവശ്യ നേട്ടത്തില്‍ രണ്ടാമന്‍

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പരസ്പരം ഏറ്റുമുട്ടുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബാറ്റ് ചെയ്യുന്ന കൊല്‍ക്കത്ത എട്ട് ഓവറുകൾ പിന്നിടുമ്പോൾ രണ്ട് വിക്കറ്റിന് 66 റൺസെടുത്തിട്ടുണ്ട്. ഫിൻ അലൻ (27 പന്തിൽ 42), കാമറൂൺ ഗ്രീൻ (ഒമ്പത് പന്തിൽ പത്ത്) എന്നിവരാണ് ക്രീസിലുള്ളത്.

അജിന്‍ക്യ രഹാനെയുടെയും (ഒമ്പത് പന്തില്‍ 13) ആംഗ്രിഷ് രഘുവംശിയുടെയും (മൂന്ന് പന്തില്‍ ഒന്ന്) വിക്കറ്റുകളാണ് നഷ്ടമായത്. രഹാനെ റൺ ഔട്ടായപ്പോൾ രഘുവംശി അക്സര്‍ പട്ടേലിന് മുന്നില്‍ വീഴുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ദല്‍ഹി എട്ട് വിക്കറ്റിന് 142 റണ്‍സെടുത്തിരുന്നു. പാതും നിസങ്കയുടെ അര്‍ധ സെഞ്ച്വറിയും അശുതോഷ് ശര്‍മയുടെ ചെറുത്തുനില്‍പ്പുമാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ പരാജയപ്പെടുന്ന കാഴ്ചയും മത്സരത്തില്‍ കണ്ടു.

അക്‌സർ പട്ടേൽ.

22 പന്തുകള്‍ നേരിട്ട അക്‌സറിന് വെറും 11 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. 50.0 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 6.28 എന്ന ശരാശരിയുമാണ് ദല്‍ഹി ക്യാപ്റ്റനുണ്ടായിരുന്നത്. ഇതോടെ ഒരു മോശം നേട്ടത്തിലും അക്സര്‍ ഇടം പിടിച്ചു.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും മോശം ശരാശരിയുള്ള രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന അനാവശ്യ നേട്ടമാണ് അക്സര്‍ തന്റെ പേരില്‍ കുറിച്ചത്. ഈ ലിസ്റ്റില്‍ മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റനായിരുന്ന ഒയിന്‍ മോര്‍ഗനെ പിന്തള്ളിയാണ് താരം രണ്ടാമതെത്തിയത്. 2021ല്‍ ഇംഗ്ലണ്ട് താരത്തിന് 11.08 ആയിരുന്നു ശരാശരി. 2010ല്‍ 2.00 മാത്രം ശരാശരിയുണ്ടായിരുന്ന മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഷെയ്ന്‍ വോണാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും മോശം ശരാശരിയുള്ള ക്യാപ്റ്റന്മാര്‍ (7+ ഇന്നിങ്‌സ്)

(താരം – സീസണ്‍ – ശരാശരി എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – 2010 – 2.00

അക്സര്‍ പട്ടേല്‍ – 2026 – 6.28*

ഒയിന്‍ മോര്‍ഗന്‍ – 2021 – 11.08

ഹര്‍ഭജന്‍ സിങ് – 2012 – 12.00

ആര്‍. അശ്വിന്‍ – 2018 – 12.75

പാതും നിസങ്ക. Photo: IndianPremierLeague/x.com

ദല്‍ഹിക്കായി നിസങ്ക 29 പന്തില്‍ 50 റണ്‍സും നേടിയപ്പോള്‍ അശുതോഷ് 28 പന്തില്‍ 39 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം കെ.എല്‍ രാഹുല്‍ 14 പന്തില്‍ 23 റണ്‍സും നേടി. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

കൊല്‍ക്കത്തക്കായി കാര്‍ത്തിക് ത്യാഗി, അനുകൂല്‍ റോയ്, രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സുനില്‍ നരെയ്ന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

Content Highlight: IPL 2026: DC vs KKR: Axar Patel become second captain to registers lowest average for a captain in an IPL season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more