| Monday, 10th August 2026, 8:07 pm

വിസ്മയക്ക് പണിയായി കേരള ബോക്‌സ് ഓഫീസില്‍ പുതിയ ബ്രാന്‍ഡ് L, വീക്കെന്‍ഡിന് ശേഷം പ്രധാന സ്‌ക്രീനുകള്‍ കൈക്കലാക്കി ഡി.സി

അമര്‍നാഥ് എം.

ഓണം റിലീസിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണ് ഇപ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നടന്നുകൊണ്ടിരിക്കുന്നത്. കുറച്ചുനാളായി വലിയ അനക്കമൊന്നുമില്ലാതിരുന്ന തിയേറ്ററുകള്‍ പഴയ ട്രാക്കിലേക്ക് പതിയെ നടക്കുകയാണ്. വിസ്മയയുടെ ആദ്യചിത്രം അതിന് ‘തുടക്കം‘ കുറിച്ചെന്ന് പറയാം. സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം വിസ്മയ ഒട്ടും മോശമാക്കിയിട്ടില്ല.

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 21 കോടിയോളം തുടക്കം സ്വന്തമാക്കിക്കഴിഞ്ഞു. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 10 കോടിക്കടുത്താണ് ചിത്രത്തിന്റെ കളക്ഷന്‍. പരീക്ഷാക്കാലമായതിനാല്‍ കുടുംബപ്രേക്ഷകരുടെ ഒഴുക്കിന് ചെറിയൊരു കുറവുണ്ടെന്നത് മാറ്റിനിര്‍ത്തിയാല്‍ പലയിടത്തും ഹൗസ്ഫുള്ളാണ് ചിത്രം.

എന്നാല്‍ തുടക്കത്തെക്കാള്‍ കേരള ബോക്‌സ് ഓഫീസില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന ചിത്രമാണ് ഡി.സി. ലോകേഷ് കനകരാജ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രം പതിയെയാണെങ്കിലും കേരളത്തിലും തരംഗമായി മാറിയിരിക്കുകയാണ്. ആദ്യദിനം 100നടുത്ത് സ്‌ക്രീനുകളില്‍ പ്രദര്‍ശനമാരംഭിച്ച ഡി.സി ഇപ്പോള്‍ 200ലേറെ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചുകഴിഞ്ഞു.

കളക്ഷന്റെ കാര്യത്തിലും ഡി.സി അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. ആദ്യദിനം വെറും 75 ലക്ഷം മാത്രം നേടിയ ഡി.സി രണ്ടാം ദിനം 98 ലക്ഷവും മൂന്നാം ദിനത്തില്‍ രണ്ട് കോടിയും കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കി. വര്‍ക്കിങ് ഡേയായ തിങ്കളാഴ്ച തുടക്കത്തിനെക്കാള്‍ കൂടുതല്‍ പ്രീ സെയില്‍ ഡി.സി സ്വന്തമാക്കിക്കഴിഞ്ഞു. തിങ്കളാഴ്ചത്തെ ലൈവ് ട്രാക്കിങ് അനുസരിച്ച് ഡി.സി 93 ലക്ഷവും തുടക്കം 79 ലക്ഷവുമാണ് നേടിയത്.

ഇന്‍ഡസ്ട്രി ഹിറ്റ് നേടിയ സംവിധായകനൊപ്പം വിസ്മയ എത്തിയപ്പോള്‍ ഒരു പുതുമുഖ നായകന്റെ ചിത്രം അതിനെ മറികടക്കുന്ന അത്ഭുത കാഴ്ചയാണ് ബോക്‌സ് ഓഫീസില്‍ നടക്കുന്നത്. വിസ്മയക്ക് വെല്ലുവിളിയായി പുതിയൊരു ബ്രാന്‍ഡ് L രംഗപ്രവേശം ചെയ്‌തെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ലോകേഷിനെയാണ് ബ്രാന്‍ഡ് L എന്ന് വിശേഷിപ്പിക്കുന്നത്.

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 32 കോടിയിലേറെയാണ് ഡി.സി വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ആദ്യ ആഴ്ചയില്‍ 50 കോടിയോളം ചിത്രം സ്വന്തമാക്കുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. നായകനായ ആദ്യചിത്രം ബ്ലോക്ക്ബസ്റ്ററാക്കിയ ലോകേഷ് ഇനിയും ഞെട്ടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കൂലിയിലൂടെ ലഭിച്ച ട്രോളുകള്‍ക്ക് നായകനായി ലോകേഷ് മറുപടി നല്‍കുകയാണ്.

Content Highlight: DC movie surpasses Thudakkam movie in Kerala Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more