| Wednesday, 12th August 2026, 7:10 am

അല്ലേലും നല്ല പടങ്ങള്‍ ഞങ്ങള്‍ വിജയിപ്പിക്കില്ല, മെയ്യഴഗനും ബ്ലാസ്റ്റിനും പിന്നാലെ ഡി.സിയെയും കൈവിട്ട് തമിഴ് ഓഡിയന്‍സ്

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വ്യത്യസ്തരായ സിനിമാപ്രേക്ഷകര്‍ തമിഴിലാണെന്ന അഭിപ്രായം പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ. മറ്റ് ഇന്‍ഡസ്ട്രികളില്‍ ഏത് ഴോണറിലായാലും നല്ല സിനിമകളെ പ്രേക്ഷകര്‍ വിജയിപ്പിക്കുമ്പോള്‍ തമിഴില്‍ മാത്രം സ്ഥിതി വ്യത്യസ്തമാണ്. സൂപ്പര്‍താര സിനിമകളല്ലാതെ മറ്റേതെങ്കിലും താരങ്ങളുടെ നല്ല സിനിമകളെ കൈയൊഴിയുന്ന പ്രവണതയാണ് ഇവര്‍ക്കെന്ന് പലരും ആരോപിക്കുന്നു.

ഇതിനെ ശരിവെക്കുന്ന തരത്തിലാണ് തമിഴില്‍ നിന്ന് അടുത്തിടെ വന്ന മികച്ച സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് തമിഴ് ചിത്രം ഡി.സി. ഈയടുത്ത് വന്ന ഗംഭീര സിനിമകളിലൊന്നായ ഡി.സി റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 51 കോടിയോളം വേള്‍ഡ്‌വൈഡായി സ്വന്തമാക്കിയിരിക്കുകയാണ്.

എന്നാല്‍ ഇതില്‍ ആകെ 9.5 കോടി മാത്രമാണ് ഡി.സിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത്. ബാക്കി 42 കോടിയോളം നേടിയത് തമിഴ്‌നാടിന് പുറത്തുനിന്നാണ്. ആകെ കളക്ഷന്റെ അഞ്ചിലൊന്ന് പോലും സ്വന്തം നാട്ടില്‍ നിന്ന് നേടാനാകാത്തതാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ശരാശരി നിലവാരം മാത്രമുള്ള ജന നായകനും കറുപ്പും 100 കോടിയിലേറെ നേടിയത് ഇതേ തമിഴ്‌നാട്ടില്‍ നിന്നാണ്.

ഡി.സി മാത്രമല്ല, ഈ വര്‍ഷത്തെ മറ്റൊരു ഗംഭീര സിനിമയായ ബ്ലാസ്റ്റിന് പോലും തമിഴ്‌നാട്ടില്‍ നിന്ന് അധികം കളക്ഷന്‍ ലഭിച്ചില്ല. 75 കോടി നേടിയ ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്ന് 32 കോടി മാത്രമാണ് ലഭിച്ചത്. സൂപ്പര്‍താരങ്ങളില്ലെങ്കില്‍ എത്ര നല്ല സിനിമയാണെങ്കിലും തങ്ങള്‍ വിജയിപ്പിക്കില്ലെന്ന് തമിഴ് ഓഡിയന്‍സ് അടിവരയിട്ട് പറയുകയാണ്.

നല്ല സിനിമകളെ നിഷ്‌കരുണം തഴയുന്നതിന്റെ മറ്റൊരു ഇരയാണ് മെയ്യഴഗന്‍. അതിമനോഹരമായ മെയ്യഴഗന്‍ തമിഴ്‌നാട്ടില്‍ പലരും കൈവിട്ടപ്പോള്‍ കേരളത്തില്‍ മികച്ച റിപ്പോര്‍ട്ടാണ് ലഭിച്ചതെന്ന് സംവിധായകന്‍ തന്നെ പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു. നല്ല സിനിമകളെ ദയയില്ലാതെ കൈവിടുന്നതില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് തമിഴ് ഓഡിയന്‍സ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

എന്നാല്‍ മറ്റേതെങ്കിലും ഇന്‍ഡസ്ട്രിയില്‍ നല്ലൊരു സിനിമ റിലീസായാല്‍ അതിനെ തങ്ങള്‍ പരാജയപ്പെടുത്തിയ ഏതെങ്കിലും സിനിമയുമായി താരതമ്യം ചെയ്ത് ‘ഇതെല്ലാം ആദ്യം ചെയ്തത് തമിഴ് സിനിമയാണ്’ എന്ന് ക്ലെയിം ചെയ്യുന്ന കാര്യത്തിലും ഇത്തരം തമിഴ് പേജുകള്‍ ഒട്ടും പിന്നോട്ടല്ലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: DC movie has collected more from outside Tamilnadu than its home collection

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more