ഈ വര്‍ഷം തമിഴിലെ നാലാമത് 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് ഡി.സി. ലോകേഷ് കനകരാജ് ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയം പലരെയും അത്ഭുതപ്പെടുത്തി. നായകനായി അരങ്ങേറിയ ആദ്യചിത്രം തന്നെ 100 കോടി ക്ലബ്ബിലെത്തിച്ച രണ്ടാമത്തെ തമിഴ് നടനായി ലോകേഷ് മാറിയിരിക്കുകയാണ്.
കൂലി എന്ന ചിത്രത്തിന് ശേഷം തമിഴ് പേജുകളില്‍ ട്രോള്‍ മെറ്റീരിയലായ ലോകേഷിന്റെ മാസ് കംബാക്ക് കൂടിയാണ് ഡി.സി. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ് പുറത്തുവരുമ്പോഴും ലോകേഷിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ തമിഴ് പേജുകളില്‍ മീം മെറ്റീരിയലാകുമായിരുന്നു. എന്നാല്‍ ട്രോളുകളോട് പ്രതികരിക്കാതെ സിനിമയിലൂടെ അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ലോകേഷ്.
റിലീസ് ചെയ്ത് മൂന്ന് വാരം കൊണ്ടാണ് ഡി.സി 100 കോടി ക്ലബ്ബില്‍ ഇടംനേടിയത്. കറുപ്പ്, ജന നായകന്‍, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 100 കോടി നേടുന്ന ചിത്രം കൂടിയാണ് ഡി.സി. സംവിധായകനായും നായകനായും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചുരുക്കം ആളുകളിലൊരാള്‍ കൂടിയാണ് ലോകേഷ് കനകരാജ്.
സംവിധായകന്‍ അരുണ്‍ മാതേശ്വരന്റെ കരിയറിലെ ആദ്യ 100 കോടിയാണിത്. ധനുഷിനെ നായകനാക്കി അണിയിച്ചൊരുക്കിയ ക്യാപ്റ്റന്‍ മില്ലറിന് 100 കോടി കളക്ഷന്‍ തലനാരിഴക്ക് നഷ്ടപ്പെടുകയായിരുന്നു. ഇപ്പോഴിതാ കരിയറിലെ ആദ്യ 100 കോടി അരുണും സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് അരുണ്‍ ഡി.സി ഒരുക്കിയത്.
100 കോടി കളക്ഷനില്‍ ആകെ 26 കോടി മാത്രമാണ് ഡി.സിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത്. ബാക്കി കളക്ഷന് മുഴുവന്‍ തമിഴ്‌നാടിന് പുറത്തുനിന്നാണ്. കേരളത്തില്‍ നിന്ന് മാത്രം 16 കോടിക്ക് മുകളില്‍ ഡി.സി സ്വന്തമാക്കി. കേരളത്തില്‍ ഈ വര്‍ഷം ഒരു തമിഴ് സിനിമയുടെ ഏറ്റവുമുയര്‍ന്ന കളക്ഷനും ഡി.സിയുടെ പേരിലാണ്.
വിഖ്യാത നോവലായ ദേവ്ദാസിന്റെ പുതിയൊരു ഭാഷ്യമാണ് ഡി.സി. ദേവ്ദാസ്, പാര്‍വതി, ചന്ദ്ര എന്നിവരുടെ പ്രണയത്തിലേക്ക് പകയും വയലന്‍സും നിറച്ച അവതരണമാണ് ചിത്രത്തിന്റേത്. കണ്ടുമടുത്ത കഥയുടെ ഗംഭീരമായ അവതരണമാണ് ഡി.സിയുടെ ഹൈലൈറ്റ്. അനിരുദ്ധ് ഒരുക്കിയ സംഗീതവും ചിത്രത്തിന് കൂടുതല്‍ ബൂസ്റ്റ് നല്‍കി.
Content Highlight: DC movie enters to 100 crore club within three weeks