സിനിമാപ്രേമികള്‍ക്ക് ഒരുപാട് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് സിനിമാപേജുകളില്‍ ഇപ്പോള്‍ വരുന്നത്. പ്രേക്ഷകര്‍ കാത്തിരുന്ന നാല് സിനിമകള്‍ ഈയാഴ്ച ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയാണ്. മലയാളം, തമിഴ്, ഹിന്ദി, ഭാഷകളില്‍ ഈ വര്‍ഷം ഒരുപാട് ചര്‍ച്ചയായ സിനിമകളാണ് ഒ.ടി.ടിയിലേക്ക് എത്തുന്നത്.
കുഞ്ചാക്കോ ബോബന്‍- ഷാഹി കബീര്‍ കോമ്പോയിലൊരുങ്ങിയ ഉന്മാദമാണ് ഇതില്‍ ആദ്യത്തേത്. നവാഗതനായ കിരണ്‍ ദാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍ റിലീസ് സമയത്ത് അത്യാവശ്യം ചര്‍ച്ചയായിരുന്നു. സമീപകാലത്ത് ഓരോ സിനിമയിലും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ച കുഞ്ചാക്കോ ഉന്മാദത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സുകളിലൊന്നായ ഡി.സിയും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയാണ്. ലോകേഷ് കനകരാജ് ആദ്യമായി നായകവേഷം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. വിഖ്യാത നോവലായ ദേവ്ദാസിന്റെ വയലന്‍സ് നിറഞ്ഞ വേര്‍ഷന്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചു. ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ നേടിയ ചിത്രം സണ്‍ നെക്‌സ്റ്റിലാണ് സ്ട്രീം ചെയ്യുന്നത്.
ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായിരുന്ന മാധവന്‍ ഇന്ന് ഓരോ സിനിമയിലും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുകയാണ്. ഈ വര്‍ഷം മാധവന്‍ നായകനായെത്തിയ ജി.ഡി.എന്നും ഒ.ടി.ടി റിലീസായിട്ടുണ്ട്. ഇന്ത്യന്‍ എഡിസണ്‍ എന്നറിയപ്പെട്ട ജി.ഡി നായിഡുവിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. തിയേറ്ററില്‍ തരക്കേടില്ലാത്ത വിജയം നേടിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീമിങ് നടത്തുന്നത്.
അജയ് ദേവ്ഗണിന്റെ കരിയറിലെ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ധമാലിന്റെ നാലാം ഭാഗവും ഒ.ടി.ടിയിലെത്തിയിട്ടുണ്ട്. കോമഡി എന്റര്‍ടൈനറായൊരുങ്ങിയ ചിത്രം 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. നെറ്റ്ഫ്‌ളിക്‌സിലാണ് ധമാല്‍ 4 കാണാന്‍ സാധിക്കുക. സമീപകാലത്ത് പ്രേക്ഷകരെ ചിരിപ്പിക്കാത്ത ബോളിവുഡ് കോമഡി സിനിമകളുടെ ലിസ്റ്റിലാണ് പലരും ധമാലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമെ തമിഴ് സീരീസ് കോര്‍ട്ട് (ജിയോ ഹോട്‌സ്റ്റാര്‍), തെലുങ്ക് ചിത്രങ്ങളായ കൊറിയന്‍ കനഗരാജു, ഗാന്ധാരി (നെറ്റ്ഫ്‌ളിക്‌സ്) എന്നിവയും ഈയാഴ്ചത്തെ പ്രധാന റിലീസുകളാണ്. വീക്കെന്‍ഡില്‍ സിനിമാപ്രേമികള്‍ക്ക് ഇഷ്ടചിത്രങ്ങള്‍ കാണാനുള്ള അവസരമാണ് ഈയാഴ്ച ലഭിച്ചിരിക്കുന്നത്. ഉന്മാദവും ഡി.സിയും ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Content Highlight: DC and Unmadham starts OTT streaming this week