ബെംഗളൂരു: നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് ബീഫ് കയറ്റുമതി കുതിച്ചുയരുകയാണെന്ന് വിശ്വ ഗോ രക്ഷാ പീഠം തലവനും ലോക മൃഗക്ഷേമ ബോര്‍ഡ് പ്രസിഡന്റുമായ ദയാനന്ദ സ്വാമി. പ്രധാനമന്ത്രിയുടെ ഉഡുപ്പി സന്ദര്‍ശന വേളയുടെ പശ്ചാത്തലത്തിലാണ് ദയാനന്ദ സ്വാമിയുടെ പ്രതികരണം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഗോവധ നിരോധനത്തില്‍ പരാജയപ്പെട്ടെന്ന് വിമര്‍ശനമുയര്‍ത്തിയ മോദി പ്രധാമനന്ത്രിയായതിന് പിന്നാലെ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബീഫ് കയറ്റുമതിയും ഗോവധവും നിരോധിക്കുന്നതില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പരസ്യമായി വിമര്‍ശിച്ച മോദി ഇപ്പോള്‍ മൂന്ന് തവണ പ്രധാനമന്ത്രിയായി. ബീഫ് കയറ്റുമതിയില്‍ ആഗോളതലത്തില്‍ നിലവില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ഇന്ത്യയിലുടനീളം ദിവസം തോറും ലക്ഷക്കണക്കിന് പശുക്കളും കാളകളുമടങ്ങുന്ന കന്നുകാലികളെയാണ് കശാപ്പ് ചെയ്യുന്നത്. അവരുടെ മാംസവും തോലും അന്താരാഷ്ട്ര തലത്തിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുന്നു. ഇത് തീര്‍ത്തും ആശങ്കയുളവാക്കുന്നതാണ്,’ ദയാനന്ദ സ്വാമി പറഞ്ഞു.
ഈ വിഷയത്തില്‍ ആര്‍.എസ്.എസ് പോലും മൗനം പാലിക്കുന്നുവെന്നും ദയാനന്ദ സ്വാമി കുറ്റപ്പെടുത്തി.
‘ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സംഘപരിവാര്‍ ഗോവധം നിരോധിക്കുന്നതിനായി വിവിധ പ്രചാരണം നടത്തിയിരുന്നു. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി ഒത്തുപോകുന്ന സര്‍ക്കാര്‍ ഇതുവരെ അത്തരമൊരു കേന്ദ്ര നിയമം നടപ്പിലാക്കിയില്ല. ഇത്തരമൊരു നിര്‍ണായക വിഷയത്തില്‍ ആര്‍.എസ്.എസ് പോലും മൗനം പാലിക്കുന്നു.
കര്‍ണാടകയിലും ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലുമടക്കം 16 സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ സമ്പൂര്‍ണ ഗോവധ നിരോധനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇന്നുവരെ രാജ്യവ്യാപകമായി നിരോധനം നടപ്പാക്കാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്,’ ദയാനന്ദ സ്വാമിയെ ഉദ്ധരിച്ച് മംഗളൂരിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
മോദിയുടെ ഉഡുപ്പി സന്ദര്‍ശന വേളയില്‍ രാജ്യത്ത് ഉടനീളം ഗോവധ നിരോധനം ഏര്‍പ്പെടുത്തണമെന്നും ദയാനന്ദ സ്വാമി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മോദിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് രാജ്യത്തിന്റെ കയറ്റുമതി നയങ്ങളെന്നും ദയാനന്ദ സ്വാമി കുറ്റപ്പെടുത്തി.
‘നമ്മള്‍ എല്ലായ്‌പ്പോഴും അഹിംസയുടെ തത്വങ്ങളെയാണ് പിന്തുണയ്ക്കുന്നത്. എന്നിട്ടും മൃഗങ്ങളെ കൊല്ലുന്നതിലും അവയുടെ മാംസം കയറ്റുമതി ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുകയാണ്.
ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് പതിവായി സംസാരിക്കുന്ന പ്രധാനമന്ത്രി, ഗോമാംസ കയറ്റുമതി തടയാന്‍ നടപടിയെടുക്കുന്നില്ല. മാംസം കയറ്റുമതി നിരോധിക്കുന്ന ഒരു നിയമം പ്രധാനമന്ത്രി നടപ്പിലാക്കേണ്ടതുണ്ട് അതുവഴി ഇന്ത്യയെ മാംസ കയറ്റുമതി രഹിത രാഷ്ട്രമായി പ്രഖ്യാപിക്കണം,’ ദയാനന്ദ സ്വാമി കൂട്ടിച്ചേര്‍ത്തു.
Content Highlight: Dayanada Swami slams Narendra Modi on beef export