അറിയപ്പെടുന്ന ഇന്ത്യൻ മോഡലും, ഫാഷൻ സ്റ്റൈലിസ്റ്റും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ദയ സുജിത്ത്. തനിക്കെതിരെ വന്ന ബോഡി ഷെയ്മിങ്, സൈബർ അറ്റാക്ക് എന്നിവക്ക് എതിരെ പ്രതികരിച്ചുകൊണ്ടാണ് ദയ ശ്രദ്ധിക്കപ്പെടുന്നത്. സൈബർ ഇടങ്ങളിൽ ദയയുടെ മറുപടി എപ്പോഴും വർത്തയാവാറുണ്ട്.
ഇപ്പോഴിതാ കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിൽ താൻ നേരിടേണ്ടി വന്ന ബുള്ളിയിങ്ങിനെ പറ്റിയും അത് തന്നെ എത്രത്തോളം ബാധിച്ചിരുന്നുവെന്നും സംസാരിക്കുകയായിരുന്നു ദയ. ഫാഷനായിരുന്നു ബുള്ളിയിങ് ഏരിയയിൽ നിന്ന് തന്നെ ഹെല്പ് ചെയ്തതെന്നാണ് ദയ പറയുന്നത്.
‘എട്ടാം ഗ്രേഡ് വരെ എനിക്ക് ഓവർ വെയ്റ്റായിരുന്നു. എന്റെ ചില സീനിയേഴ്സ് എന്നെ നോക്കി ചിരിച്ചിട്ടൊക്കെ പോകുമായിരുന്നു. അപ്പോഴെനിക്കറിയാം ആ ചിരി ഒരു ബുള്ളിയിങ്ങാണ് എന്നുള്ളത്. പിന്നെ എന്റെ ഡാർക്ക് സർക്കിൾസിനെ പറ്റി കുറെ ബുള്ളിയിങ് ചെയ്തിട്ടുണ്ട്.
എന്നെ കാണാൻ പാണ്ടയാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്. അത് ആദ്യം ഞാൻ വിചാരിച്ചു ഭയങ്കര ക്യൂട്ട് ആയതുകൊണ്ടായിരിക്കുമെന്ന്.
ദയ സുജിത്ത്.Photo.Screen Grab/ Youtube.com
പിന്നെയാണ് മനസിലായത് വണ്ണമുള്ളതുകൊണ്ടും ഡാർക് സർക്കിളുമൊക്കെയുള്ളതു കൊണ്ടാണെന്ന്. ക്ലാസിലെ കുട്ടികൾ വന്നിട്ട് എന്നെ പഞ്ചിങ് ബാഗ് ആയിട്ട് ഉപയോഗിക്കുമായിരുന്നു. അതൊക്കെ ബുള്ളിങ്ങിന്റെ ഒരു ഏരിയയിൽ പെട്ടതായിരുന്നു. ഞാൻ അമ്മടെയടുത്ത് അതൊക്കെ പറയുമ്പോൾ, ഇനി ഉണ്ടെങ്കിൽ അമ്മ പറയാൻ പറയും.
അമ്മ ആക്ഷൻ എടുക്കുമായിരുന്നു. പക്ഷേ എന്തോ ഞാനത് സഹിച്ചിരുന്നു. എന്റെ തന്നെ പ്രശ്നമല്ലേ ഞാനല്ലേ വണ്ണം വെച്ചിരിക്കുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്. അപ്പോഴും ഞാൻ എന്റെ തെറ്റാണ് എന്നാണ് ആലോചിക്കുന്നത്. ഒൻപതാമത്തെ ഗ്രേഡിൽ ഞാൻ ഇതുപോലെ പട്ടിണി കിടന്നു ഒരു മാസം. എന്നിട്ട് 16 കിലോ വെയ്റ്റ് കുറഞ്ഞു. ഒരു ദോശയൊക്കെ കഴിച്ചിരുന്നത്, വെള്ളം പോലും കുടിക്കത്തില്ല. അത് വളരെ അൺഹെൽത്തി ആയിരുന്നു. ഞാൻ അസംബ്ലിക്ക് ബോധം കെടാൻ പോയി, വൈറ്റ് പാച്ചസ് വന്നു തുടങ്ങി. ഭക്ഷണം കഴിക്കുമ്പോൾ ഛർദിക്കാൻ തുടങ്ങി,’ ദയ പറഞ്ഞു.
നാഷണൽ ലെവൽ അത്ലറ്റായിരുന്ന തന്റെ അങ്കിളിന്റെ കൂടെ സ്റ്റേഡിയത്ത് ഒൻപത് മാസം ഓടാൻ പോയിട്ടാണ് പിന്നീട് വെയ്റ്റ് കുറഞ്ഞതെന്നും അങ്ങനെ താനറിയാതെ തന്നെ താനൊരു സ്പോർട്സ് ചാമ്പ്യൻ ആയി മാറിയെന്നും ദയ രസകരമായി പറഞ്ഞു. സ്വയം ക്രിട്ടിസൈസ് ചെയ്തിരുന്നുവെന്നും ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ടെന്നും അങ്ങനെ ചെയ്യാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും ദയ കൂട്ടിച്ചേർത്തു. ഇപ്പോൾ തനിക്കുള്ള വിവരം അന്നുണ്ടായിരുന്നുവെങ്കിൽ താനന്ന് പ്രതികരിക്കുമായിരുന്നെന്നും ദയ വ്യക്തമാക്കി.
Content Highlight: Daya Sujith thought that it was her problem since she was the one who had gained weight, adding that in the ninth grade she had even starved herself.