ഇന്ത്യൻ സിനിമയോടുള്ള തന്റെ ആരാധന പലവട്ടം തെളിയിച്ചിട്ടുള്ള ആളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡേവിഡ് വാർണർ. ഇപ്പോഴിതാ, താരം ഒരു പക്കാ ‘മോളിവുഡ് ഫാൻ’ ആയി മാറിയിരിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
2024 ൽ ആസിഫ് അലി നായകനായി തിയേറ്ററുകളിൽ വൻ വിജയം നേടിയ ‘കിഷ്കിന്ധാകാണ്ഡം’ എന്ന മലയാള ചിത്രത്തിന്റെ വീഡിയോയാണ് വാർണർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ബോർഗസ് ആൻഡ്രേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന, മലയാളത്തിലെ ത്രില്ലർ-ഹൊറർ ചിത്രങ്ങളുടെ മികവിനെക്കുറിച്ച് പറയുന്ന വിഡിയോയാണ് താരം റീഷെയർ ചെയ്തത്.
ഡേവിഡ് വാർണർ,ആസിഫ് അലി.Photo:Ndtv/OTT Play
മുമ്പ് അല്ലു അർജുൻ ചിത്രങ്ങളായ ‘പുഷ്പ’, ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്നിവയിലെ പാട്ടുകൾക്ക് ചുവടുവെച്ച് വാർണർ ഇൻസ്റ്റാഗ്രാം റീലുകൾ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ആസിഫ് അലി ചിത്രത്തിന്റെ വിഡിയോ പങ്കുവെച്ചതോടെ വാർണറുടെ കണ്ണ് മോളിവുഡിലേക്കും എത്തിയിരിക്കുകയാണ്. ‘അങ്ങ് ഓസ്‌ട്രേലിയയിലും ഉണ്ടെടാ നമുക്ക് പിടി!’ എന്ന ക്യാപ്ഷനുകളോടെ ആസിഫ് അലി ആരാധകരും ഈ വാർത്ത സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നുണ്ട്.
ലോക ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ച താരമാണെങ്കിലും ഇന്ത്യയിൽ വാർണർക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 7 സീസണുകൾ കളിച്ച അദ്ദേഹം, 2016-ൽ ക്യാപ്റ്റനായി ടീമിന് ഐ.പി.എൽ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
കിഷ്കിന്ധാകാണ്ഡം.Photo:The New Indian Express
ദിൻജിത് അയ്യത്താന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ‘കിഷ്കിന്ധാകാണ്ഡം’ ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. അവാർഡ് വേദികളിലും തിളങ്ങിയ ഈ ചിത്രം ആ വർഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം സ്വന്തമാക്കി. കൂടാതെ, സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിക്ക് മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും, ചിത്രത്തിന് മികച്ച എഡിറ്റിങിനുള്ള പുരസ്കാരവും ലഭിച്ചു.
ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാള സിനിമ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ഡേവിഡ് വാർണറുടെ ഈ ഇൻസ്റ്റാഗ്രാം സ്റ്റോറി. മികച്ച പ്രമേയങ്ങളും ത്രില്ലറുകളും കൊണ്ട് മോളിവുഡ് അന്താരാഷ്ട്ര തലത്തിലുള്ള സിനിമാപ്രേമികളെപ്പോലും ആകർഷിക്കുകയാണെന്ന് ഈ സംഭവത്തിലൂടെ ഒരിക്കൽക്കൂടി വ്യക്തമാകുന്നു.
Content Highlight: David Warner shares Kishkindha Kaandam movie on instagarm