രോഹിത് ശര്‍മയ്ക്ക് പിന്നാലെ അപ്രതീക്ഷിതയായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും വിരമിക്കല് പ്രഖ്യാപിച്ചത്. മെയ് 12ന് സോഷ്യല്‍ മീഡിയ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 14 വര്‍ഷത്തെ കരിയറിന് വിരാമമിട്ടാണ് താരം പടിയിറങ്ങുന്നത്.
ഇപ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായിരുന്നു ഡേവിഡ് വാര്‍ണര്‍ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാടിന്റെ കഠിനാധ്വാനത്തെയും മനോവീര്യത്തെയും വാര്‍ണര്‍ പ്രശംസിച്ചു.
മാത്രമല്ല മൈതാനത്ത് 10 വര്‍ഷത്തിലേറെ പരസ്പരം ഏറ്റുമുട്ടിയത് താരങ്ങളാണ് വിരാടും വാര്‍ണറും, എന്നാല്‍ ഇതുവരെ ഒരു ടീമില്‍ ഇരുവരും കളിച്ചിട്ടില്ല. വിരാട് വിരമിക്കുമ്പോള്‍ ഒരേ ടീമില്‍ ഇതുവരെ ഒരുമിച്ച് കളിക്കാന്‍ കഴിയാത്തത് പൂര്‍ത്തീകരിക്കാനാവാത്ത തന്റെ സ്വപ്നമാണെന്നും വാര്‍ണര്‍ പറഞ്ഞു. റേവ് സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു.
‘ഫോര്‍മാറ്റിന്റെ മികച്ച അംബാസിഡര്‍ ആയിരുന്നു വിരാട്. കാരണം നിങ്ങള്‍ കാണുന്ന കഠിനാധ്വാനികളായ കളിക്കാരില്‍ ഒരാളാണ് അവന്‍. ഞങ്ങള്‍ എതിരാളികളായ ടീമുകള്‍ക്ക് കളിച്ചിട്ടുണ്ട് പക്ഷേ ഞാന്‍ എപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്ന ഒരു കാര്യമുണ്ട്. അത് അദ്ദേഹത്തിന്റെ മനോഭാവവും ആത്മവിശ്വാസവും ആണ്. സത്യത്തില്‍ വിരാടിനൊപ്പം ഒരേ ടീമില്‍ ഒരിക്കലെങ്കിലും കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വിരാടിനൊപ്പം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരാഗ്രഹമായി എന്നും എന്റെ ഉള്ളില്‍ അതുണ്ടാകും,’ ഡേവിഡ് വാര്‍ണര്‍ റേവ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.
2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോഹ്‌ലി എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് നയിക്കാനാണ് കോഹ്‌ലിക്ക് സാധിച്ചത്. മാത്രമല്ല എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി മാറാനും വിരാടിന് സാധിച്ചു.
Content Highlight: David Warner Reveals Unfulfilled Wish As Virat Kohli Retires From Tests