| Tuesday, 25th January 2022, 6:52 pm

ഐ.പി.എല്ലും മെഗാലേലവും എനിക്കെന്തിനാ... പുഷ്പയുണ്ടല്ലോ ഇന്‍സ്റ്റയില്‍ റീല്‍സുണ്ടല്ലോ; പുഷ്പരാജിനെ വിടാതെ ഡേവിഡ് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ആളും ആരവവും ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഇതൊക്കെ എന്ത് എന്ന മട്ടിലാണ് ഓസീസിന്റെ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. സണ്‍ റൈസേഴ്‌സുമായി തെറ്റുകയും ഇനിയൊരിക്കലും തിരിച്ചങ്ങോട്ടില്ല എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്ത വാര്‍ണര്‍ക്ക്‌ മറ്റേതെങ്കിലും ടീമിന് തന്റെ മേല്‍ നോട്ടമുണ്ടോ എന്ന ആശങ്കയൊന്നുംതന്നെയില്ല.

എപ്പോഴെത്തെയും പോലെ അല്ലുവിന്റെ പാട്ടുകള്‍ക്ക് റീല്‍സ് ചെയ്ത് ‘ആശാന്‍ ഫുള്‍ ചില്‍ മൂഡിലാണ്’. ഇപ്പോഴിതാ ഇല്‍സ്റ്റഗ്രാമില്‍ പുതിയ റീല്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വാര്‍ണര്‍.

പുഷ്പയുടെ ഷോര്‍ട്ട് വീഡിയോയില്‍ അല്ലുവിന് പകരം തന്റെ മുഖം മോര്‍ഫ് ചെയ്താണ് വാര്‍ണറിന്റെ പുതിയ വീഡിയോ. ഒരുപാട് കാലം ഹൈദരാബാദിന് വേണ്ടി കളിച്ചതിന്റെ ഹാംഗ് ഓവര്‍ ഇനിയും വിട്ടുമാറിയില്ലേയെന്നാണ് ആരാധകരുടെ ചോദ്യം.

ഇതാദ്യമായല്ല വാര്‍ണര്‍ പുഷ്പയുടെ റീല്‍സ് ചെയ്യുന്നത്. ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനത്തിനായിരുന്നു വാര്‍ണര്‍ ഇതിന് മുമ്പേ ചുവടു വെച്ചിരിന്നത്. അടുത്തതെന്ത് എന്ന് കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അലാ വൈകുണ്ഡപുരം എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ വാര്‍ണറിന്റെ ക്രിക്കറ്റിന് മാത്രമായിരുന്നില്ല, ഇത്തരത്തിലുള്ള വീഡിയോകള്‍ക്കും ആരാധകരേറെയായിരുന്നു.

കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ വരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു വാര്‍ണര്‍.

2014 മുതല്‍ ടീമിന്റെ ഭാഗമായിരുന്നു വാര്‍ണര്‍. നാല് സീസണുകളില്‍ ടീമിനെ നയിച്ച താരം ഒരിക്കല്‍ ടീമിന് കിരീടവും നേടിക്കൊടുത്തിരുന്നു. മറ്റൊരു സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാനും വാര്‍ണറിന് സാധിച്ചിരുന്നു.

എന്നാല്‍ മോശം ഫോമിനെ തുടര്‍ന്ന് വാര്‍ണറെ എസ്.ആര്‍.എച്ച് കഴിഞ്ഞ സീസണില്‍ മാറ്റി നിര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ രൂക്ഷവിമര്‍ശനമായിരുന്നു ടീമിന് നേരിടേണ്ടി വന്നത്. താന്‍ ഇനി സണ്‍റൈസേഴ്‌സിലേക്കില്ല എന്ന് വാര്‍ണര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ടീമിന്റെയും തന്റെയും മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ വരുന്ന സീസണില്‍ തന്നെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയേക്കില്ലെന്ന് വാര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

Content highlight:  David Warner As ‘Pushpa’ In Cricketer’s Viral Instagram Post

We use cookies to give you the best possible experience. Learn more