ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ട് റണ്‍സ് നേടാന്‍ പാടുപെടുന്നത് ചൂണ്ടിക്കാട്ടി മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ഈ വര്‍ഷം ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയിലെത്തുന്ന സാഹചര്യത്തിലാണ് വാര്‍ണര്‍ റൂട്ടിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയത്.
ജോ റൂട്ട് ഒരിക്കല്‍ക്കൂടി ജോഷ് ഹെയ്‌സല്‍വുഡിന് ഇരയാകുമെന്നായിരുന്നു വാര്‍ണര്‍ പറഞ്ഞത്. ഒപ്പം റൂട്ടിന്റെ ഫ്രണ്ട് പാഡ് ടെക്‌നിക്കിനെയും വാര്‍ണര്‍ വിമര്‍ശിച്ചു.
‘റൂട്ടി (ജോ റൂട്ട്) ഓസ്‌ട്രേലിയയില്‍ ഇതുവരെ ഒറ്റ സെഞ്ച്വറി പോലും നേടിയിട്ടില്ല. ജോഷ് ഹെയ്‌സല്‍വുഡ് അവനെ ഒരുപാട് തവണ പുറത്താക്കിയിട്ടുണ്ട്,’ വാര്‍ണര്‍ ബി.ബി.സി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പത്ത് തവണയാണ് ലോങ്ങര്‍ ഫോര്‍മാറ്റില്‍ ഹെയ്‌സല്‍വുഡ് ജോ റൂട്ടിനെ മടക്കിയത്. ഹെയ്‌സല്‍വുഡ് അടക്കം മൂന്ന് താരങ്ങള്‍ മാത്രമാണ് ടെസ്റ്റില്‍ ജോ റൂട്ടിനെ പത്തോ അതിലധികം തവണയോ പുറത്താക്കിയത്. 11 തവണ വീതം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ റൂട്ടിനെ മടക്കിയ ജസ്പ്രീത് ബുംറയും പാറ്റ് കമ്മിന്‍സുമാണ് ഈ നേട്ടത്തില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.
വാര്‍ണറിന്റെ അഭിപ്രായത്തിന് പിന്നാലെ മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ് റൂട്ടിനെ പിന്തുണച്ചെത്തിയിരുന്നു. തനിക്കെതിരെ വാര്‍ണറിന്റെ മോശം റെക്കോഡ് ചൂണ്ടിക്കാട്ടിയാണ് ബ്രോഡ് റൂട്ടിനെ പിന്തുണച്ചത്.
ഇതോടെ വാര്‍ണര്‍ താന്‍ ബ്രോഡിനെതിരെ ബുദ്ധിമുട്ടിയതുമായി റൂട്ട്-ഹെയ്‌സല്‍വുഡ് സ്റ്റാര്‍ ബാറ്റിലിനെ താരതമ്യം ചെയ്തിരുന്നു. ടെസ്റ്റില്‍ 17 തവണ ബ്രോഡ് വാര്‍ണറിനെ മടക്കിയിട്ടുണ്ട്.
‘എനിക്ക് തോന്നുന്നത് ആഷസിന് മുമ്പ് തന്നെ ജോഷ് ഹെയ്‌സല്‍വുഡിനെ കുറിച്ചുള്ള ദുസ്വപ്‌നങ്ങള്‍ ജോ റൂട്ടിനെ വേട്ടയാടുമെന്നാണ്, ബ്രോഡിയും (സ്റ്റുവര്‍ട്ട് ബ്രോഡ്) ഞാനുമെന്ന പോലെ,’ വാര്‍ണര്‍ പറഞ്ഞു.
‘ജോ റൂട്ട് ഇതിഹാസതുല്യനായ ക്രിക്കറ്റര്‍ തന്നെയാണ്. പക്ഷേ അവന്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടണം,’ വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 21നാണ് ആഷസ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.
ആദ്യ മത്സരം: നവംബര്‍ 21-25 – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്
രണ്ടാം മത്സരം: ഡിസംബര്‍ 4-8 – ദി ഗാബ
മൂന്നാം മത്സരം: ഡിസംബര്‍ 17-21, അഡ്‌ലെയ്ഡ് ഓവല്‍
ബോക്‌സിങ് ഡേ ടെസ്റ്റ്: ഡിസംബര്‍ 26-31, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്
അവസാന മത്സരം: ജനുവരി 4-8, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്
Content Highlight: David Warner about Joe Root’s struggle against Josh Hazelwood