ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ആതിഥേയര്‍. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പതിന് 365 എന്ന വെടിക്കെട്ട് ടോട്ടലാണ് ആതിഥേയര്‍ അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ തെംബ ബാവുമയുടെയും സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്. ബാവുമ 116 പന്തില്‍ 103 റണ്‍സ് നേടിയപ്പോള്‍ 93 പന്തില്‍ 142 റണ്‍സുമായാണ് മില്ലര്‍ കരുത്തുകാട്ടിയത്.
12 ഫോറും ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു മില്ലറിന്റെ ഇന്നിങ്‌സ്. 152.69 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് മില്ലര്‍ സ്‌കോര്‍ ചെയ്തത്.
ഇതോടെ അഞ്ചാം നമ്പറിലെത്തി കങ്കാരുക്കള്‍ക്കെതിരെ സെഞ്ച്വറിയടിച്ചതോടെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടം മില്ലര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. ഇത് നാലാം തവണയാണ് മില്ലര്‍ ഇത്തരത്തില്‍ സെഞ്ച്വറി നേടുന്നത്.
ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പിലേക്ക് നയിച്ച ഇതിഹാസ താരം ഒയിന്‍ മോര്‍ഗന്റെ റെക്കോഡ് പഴങ്കഥയാക്കിക്കൊണ്ടാണ് മില്ലറിന്റെ നേട്ടം.
(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 4*
ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 3
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2
എം.എസ്. ധോണി – ഇന്ത്യ – 2
ഹെന്‌റിക് ക്ലാസന്‍ – സൗത്ത് ആഫ്രിക്ക – 2
യുവരാജ് സിങ് – ഇന്ത്യ – 2
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 2
ചരിത് അസലങ്ക – ശ്രീലങ്ക – 2
ഈ വേള്‍ഡ് റെക്കോഡ് നേട്ടത്തിനൊപ്പം സ്വന്തം റെക്കോഡും മില്ലര്‍ തകര്‍ത്തിരുന്നു. ഏകദിനത്തില്‍ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മില്ലര്‍ അടിച്ചെടുത്തത്.
സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
142 – ഓസ്‌ട്രേലിയ – ജോഹനാസ്‌ബെര്‍ഗ് – 2026*
139 – ഓസ്‌ട്രേലിയ – ഹൊബാര്‍ട്ട് – 2018
138* – സിംബാബ്‌വേ – ഹാമില്‍ട്ടണ്‍ – 2015
130 – വെസ്റ്റ് ഇന്‍ഡീസ് – സെന്റ് ജോര്‍ജ്‌സ് പാര്‍ക് – 2025
118* – ഓസ്‌ട്രേലിയ – ഡര്‍ബന്‍ – 2016
117* – ശ്രീലങ്ക – ഡര്‍ബന്‍ – 2017
101 – ഓസ്‌ട്രേലിയ – ഈഡന്‍ ഗാര്‍ഡന്‍സ് – 2023
100* – ന്യൂസിലാന്‍ഡ് – ലാഹോര്‍ – 2025
മില്ലറിന്റെയും ക്യാപ്റ്റന്‍ ബാവുമയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് പ്രോട്ടിയാസ് 365ലെത്തി.
അതേസമയം, ഓസട്രേലിയന്‍ നിരയില്‍ ജാക്ക് എഡ്വാര്‍ഡ്‌സാണ് പന്തുകൊണ്ട് തിളങ്ങിയത്. പത്ത് ഓവറില്‍ 67 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് താരം തിളങ്ങിയത്. ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
Content Highlight: David Miller tops the list of most ODI centuries against Australia while batting at 5 or lower