തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഡി.സിയുടെ സൂപ്പര്‍മാന്‍. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഡി.സിക്ക് ലഭിച്ച മികച്ച ചിത്രമായാണ് പലരും സൂപ്പര്‍മാനെ കണക്കാക്കുന്നത്. മാര്‍വലിനായി നിരവധി ഹിറ്റുകളൊരുക്കിയ ജെയിംസ് ഗണ്ണാണ് പുതിയ സൂപ്പര്‍മാനെ അണിയിച്ചൊരുക്കിയത്. സ്ഥിരം ഡാര്‍ക്ക് ടോണ്‍ വിട്ട് കളര്‍ഫുളായാണ് സൂപ്പര്‍മാനെ ജെയിംസ് ഗണ്‍ അവതരിപ്പിച്ചത്.
2013 മുതല്‍ സൂപ്പര്‍മാനായി വേഷമിട്ട ഹെന്റി കാവില്‍ ഡി.സിയില്‍ നിന്ന് പിന്മാറിയിരുന്നു. ഡേവിഡ് കോറെന്‍സ്വെറ്റാണ് പുതിയ സൂപ്പര്‍മാന്‍. കോമിക്കിന്റെ റീബൂട്ട് വേര്‍ഷനായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലപ്പട്ടിക പുറത്തുവന്നിരിക്കുകയാണ്. നായികയായെത്തിയ റേച്ചല്‍ ബ്രോഷ്‌നന്‍, വില്ലനായി വേഷമിട്ട നിക്കോളസ് ഹോള്‍ട് എന്നിവരുടെ പ്രതിഫലമാണ് പുറത്തുവന്നിരിക്കുന്നത്.
7,40000 ഡോളറാണ് നായകനായ ഡേവിഡ് കോറന്‍സ്വെറ്റിന്റെ പ്രതിഫലം. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 6.43 കോടിയാണ് ഇത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഒരു സിനിമക്കായി എട്ട് കോടിയിലധികം വാങ്ങുമ്പോഴാണ് ഹോളിവുഡിലെ വമ്പന്‍ സിനിമയിലെ നായകന്‍ ആറ് കോടി രൂപ മാത്രം വാങ്ങുന്നത്. നായികയായ റേച്ചലിനും ഇതേ പ്രതിഫലമാണ്.
രണ്ട് മില്യണാണ് നിക്കോളസ് ഹോള്‍ട്ടിന്റെ പ്രതിഫലം. 225 മില്യണ്‍ (1900 കോടി ഇന്ത്യന്‍ രൂപ)യാണ് ചിത്രത്തിന്റെ ബജറ്റ്. ഇന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ കാണുന്നതുപോലെ ബജറ്റിന്റെ സിംഹഭാഗവും നായകന്റെ പ്രതിഫലമായി നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചയാണ് ഇത്. ചിത്രത്തിന്റെ മേക്കിങ്ങിനായി ബജറ്റ് ചെലവാക്കുന്നത് നല്ല കാര്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഈ പ്രതിഫലത്തിന് പുറമെ ചിത്രത്തിന്റെ ലാഭത്തില്‍ നിന്ന് നല്ലൊരു ഷെയര്‍ നായകനും നായികക്കും വില്ലനും ലഭിക്കുമെന്ന് കരാറുണ്ട്. 760 മില്യണ്‍ കളക്ഷനാണ് ഡി.സി. സൂപ്പര്‍മാനിലൂടെ പ്രതീക്ഷിക്കുന്നത്. ഈ കളക്ഷന്‍ ലഭിച്ചാല്‍ നല്ലൊരു തുക താരങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ചിത്രം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രം ബജറ്റ് തിരിച്ചുപിടിച്ചിരിക്കുകയാണ്. 230 മില്യണാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇതേ രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചാല്‍ ചിത്രം വന്‍ വിജയമാകുമെന്ന് ഉറപ്പാണ്. രണ്ടാഴ്ചക്ക് ശേഷം മാര്‍വലിന്റെ ഫന്റാസ്റ്റിക് ഫോര്‍ റിലീസിന് തയാറെടുക്കുകയാണ്. സൂപ്പര്‍മാന്റെ കളക്ഷനെ ഇത് ബാധിക്കുമോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: David Corenswet’s salary in Superman movie less than Mohanlal’s remuneration