| Thursday, 12th February 2026, 5:42 pm

ലോകകപ്പില്‍ ക്യാപ്റ്റന്‍ തകര്‍ന്നാടി; ഇനി സിംഹാസനത്തില്‍ രോഹിത്തിനൊപ്പം!

ഫസീഹ പി.സി.

ടി – 20 ലോകകപ്പില്‍ ഒമാനെ തകര്‍ത്ത് ശ്രീലങ്ക കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. പല്ലക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 105 റണ്‍സിനാണ് ആതിഥേയരുടെ വിജയം. ഇതോടെ ടൂര്‍ണമെന്റില്‍ രണ്ടാം വിജയം സ്വന്തമാക്കാന്‍ ലങ്കന്‍ ടീമിന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 226 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. ഇതുപിന്തുടര്‍ന്ന ഒമാന് 120 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ലങ്ക ഒന്നാമതെത്തി.

ഒമാനെതിരെ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 20 പന്തില്‍ 50 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. അഞ്ച് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. നേരിട്ട 19ാം പന്തിലായിരുന്നു ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ദസുന്‍ ഷാനക. Photo: Sri Lanka Tweet 🇱🇰/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് ഷാനക സ്വന്തമാക്കിയത്. ടി – 20 ലോകകപ്പില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്മാരില്‍ തലപ്പത്തെത്താനാണ് താരത്തിന് സാധിച്ചത്. ലങ്കന്‍ താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പമാണ്.

ടി – 20 ലോകകപ്പില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്മാര്‍

(താരം – ടീം – എതിരാളി – വര്‍ഷം – പന്ത് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – ഓസ്‌ട്രേലിയ – 2024 – 19

ദസുന്‍ ഷാനക – ശ്രീലങ്ക – ഒമാന്‍ – 2026 – 19

മുഹമ്മദ് അഷ്‌റഫുള്‍ – ബംഗ്ലാദേശ് – വെസ്റ്റ് ഇന്‍ഡീസ് – 2007 – 20

മഹേല ജയവര്‍ധനെ – ശ്രീലങ്ക – കെനിയ – 2007 – 21

അതേസമയം, മത്സരത്തില്‍ ശ്രീലങ്കക്കായി കുശാല്‍ മെന്‍ഡിസും പവന്‍ രത്നയാകെയും അര്‍ധ സെഞ്ച്വറി നേടി. മെന്‍ഡിസ് 45 പന്തില്‍ 61 റണ്‍സ് എടുത്തപ്പോള്‍ പവന്‍ 28 പന്തില്‍ 60 റണ്‍സും സ്‌കോര്‍ ചെയ്തു.

ഒമാന് വേണ്ടി ജിതേന്‍ രാമാനന്ദി രണ്ട് വിക്കറ്റ് നേടി. ജയ് ഒദേന്ദ്ര, സുഫിയാന്‍ മെഹ്‌മൂദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഒമാന് വേണ്ടി മുഹമ്മദ് നദീം അര്‍ധ സെഞ്ച്വറി എടുത്തു. 56 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്. ഒപ്പം വസീം അലി 20 പന്തില്‍ 27 റണ്‍സ് സ്‌കോര്‍ ചെയ്തു.

ലങ്കക്കായി മഹീഷ് തീക്ഷണയും ദുഷ്മന്ത ചമീരയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ദുനിത് വെല്ലലാഗെ, കാമിന്ദു മെന്‍ഡിസ്, ദുഷന്‍ ഹേമന്ത എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: Dasun Shanka tops the list of fastest 50 in T20 World Cup with Rohit Sharma

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more