ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എല്‍ 2026ന് ഇനി ബാക്കിയുള്ളത് അഞ്ച് ദിവസങ്ങള്‍ മാത്രമാണ്. മാര്‍ച്ച് 28 മുതലാണ് 19ാം സീസണിന് അരങ്ങുണരുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ് പുതിയ സീസണിന് തിരശീലയുയരുക.
ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പല ടീമുകള്‍ക്കും ആശങ്കയായി താരങ്ങളുടെ പരിക്ക് മാറിയിട്ടുണ്ട്. അതിനാല്‍ സീസണിന് മുന്നോടിയായിയുള്ള അവസാനത്തെ ആഴ്ച ഫ്രാഞ്ചൈസികള്‍ ഒത്ത പകരക്കാരെ ടീമിലെത്തിക്കാനുള്ള തിരക്കിലാണ്.
ദാസുന്‍ ഷനക. Photo: akash/x.ciom
ഐ.പി.എല്‍ ആദ്യ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനും ‘ഇഞ്ചുറി’ പറ്റിയിട്ടുണ്ട്. സ്വാപ് ഡീലിലൂടെ ടീമിലെത്തിച്ച ഇംഗ്ലണ്ട് താരം സാം കറന്റെ സേവനമാണ് ടീമിന് നഷ്ടമാകുക. പകരക്കാരനെ ടീമിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ ദാസുന്‍ ഷനകയാണ് ഈ റോളിലെത്തുന്നത്.
ഇത് ആദ്യമായല്ല ഷനക ഐ,.പി.എല്ലില്‍ കളിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണയാണ് ലങ്കന്‍ താരം ടൂര്‍ണമെന്റിന്റെ ഭാഗമായത്. അപ്പോഴെല്ലാം പകരക്കാരനായാണ് 34കാരന്‍ ടൂര്‍ണമെന്റിലെത്തിയത് എന്നതാണ് ഏറെ കൗതുകം.
2023ലായിരുന്നു ഷനകയുടെ ഐ.പി.എല്‍ അരങ്ങേറ്റം. ആ വര്‍ഷം സീസണിന്റെ പകുതിയില്‍ താരം ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായത്. ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പകരക്കാരനായി എത്തി താരം മൂന്ന് മത്സരങ്ങളില്‍ കളിച്ചു. 26 റണ്‍സ് മാത്രമാണ് ആ സീസണില്‍ ലങ്കന്‍ ഓള്‍റൗണ്ടര്‍ നേടിയത്.
ദാസുൻ ഷനക. Photo: Crickettimes
പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഷനക വീണ്ടും ഐ.പി.എല്ലില്‍ എത്തിയത്. ഇത്തവണയും താരം ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായത് പകരക്കാരനായി തന്നെയാണ്. ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സിന് പരിക്കേറ്റതോടെയാണ് മുന്‍ ലങ്കന്‍ നായകന് അവസരം ലഭിച്ചത്. ടീമില്‍ ഇടം പിടിച്ചെങ്കിലും താരത്തിനെ ഒരു മത്സരത്തില്‍ പോലും ഗുജറാത്ത് കളിപ്പിച്ചില്ല.
ഇപ്പോള്‍ ഒരിക്കല്‍ കൂടി ഷനക ഐ.പി.എല്ലില്‍ എത്തുകയാണ്. അതും പകരക്കാരന്റെ റോളില്‍ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. താരത്തിന്റെ ഈ മൂന്നാം വരവ് രാജസ്ഥാന്റെ ഒപ്പമാണ്. ടീമില്‍ വലിയ താരങ്ങള്‍ ഇല്ലാത്തതിനാല്‍ ഷനകയ്ക്ക് നറുക്ക് വീഴാനുള്ള സാധ്യതകളേറെയാണ്.
Content Highlight: Dasun Shanaka will replace an injured player in the IPL for the third time