| Thursday, 15th May 2025, 8:13 pm

വിരാടിന്റ വിരമിക്കല്‍ എനിക്കൊരു അത്ഭുതമായിരുന്നില്ല; പ്രതികരണവുമായി മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

രോഹിത് ശര്‍മയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. മെയ് 12ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിലൂടെയാണ് താരം വിവരമറിയിച്ചത്.

എന്നാല്‍ വിരാട് കോഹ്‌ലിയുടെ വിരമിക്കലില്‍ തനിക്ക് അത്ഭുതമൊന്നും തോന്നിയില്ലെന്ന് പറയുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഡാരില്‍ കുള്ളിയന്‍. വിരാട് അടുത്ത കാലത്തായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ടെസ്റ്റ് ക്രിക്കറ്റിന് ശാരീരിക ആരോഗ്യവും പരിശീലനവും അനിവാര്യമാണെന്നും, അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വിരമിക്കലിലേക്ക് എത്തിക്കുമെന്നും ഡാരില്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു ഡാരില്‍.

ഡാരില്‍ വിരാടിന്റെ വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്

‘വിരാടിന്റ വിരമിക്കല്‍ എനിക്കൊരു അത്ഭുതമായിരുന്നില്ല. അടുത്ത കാലത്തായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ അല്‍പ്പം കഷ്ടപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു ബാറ്റര്‍ അല്ലെങ്കില്‍ ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ നിരന്തരം കളിയില്‍ പ്രവര്‍ത്തിക്കുകയും ശാരീരികാരോഗ്യത്തോടെ തുടരുകയും ചെയ്യേണ്ടത് ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമാണ്,

ഒരു മോശം അവസ്ഥയില്‍ നിന്ന് സ്വയം പുറത്തുകടക്കാനോ വീണ്ടും ഫോം കണ്ടെത്താനോ വേണ്ടി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത ഒരു ഘട്ടത്തിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നു. പിന്നീട് അത് ചെയ്യാന്‍ നിങ്ങള്‍ക്ക് തോന്നുന്നില്ല. അത് പരിക്കായാലും മോശം റണ്‍സായാലും നിങ്ങളുടെ കരിയര്‍ അവസാനിപ്പിക്കുന്നതിലെത്തുമെന്ന് ഞാന്‍ കരുതുന്നു,’ ഡാരില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്.

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു സെഞ്ച്വറി ഒഴിച്ചാല്‍ വിരാടിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ടെസ്റ്റില്‍ വലിയ ഇടവേള എടുത്തായിരുന്നു താരം തിരിച്ചെത്തിയത്. ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിയില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതെ രോഹിത്തും മാറി നിന്നിരുന്നു. പരമ്പരയില്‍ സൂപ്പര്‍ സ്പിന്നര്‍ ആര്‍. അശ്വിനും അമ്പരപ്പിച്ചുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Content Highlight: Daryll Cullian Talking About Virat Kohli’s Retirement

We use cookies to give you the best possible experience. Learn more