| Sunday, 18th January 2026, 4:58 pm

ഇന്ത്യയുടെ മര്‍ദകന്‍; ഇന്‍ഡോറിലും സെഞ്ച്വറിയുമായി ഡാരല്‍ മിച്ചല്‍

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്ലുള്ള മൂന്നാം ഏകദിനം ഇന്‍ഡോറില്‍ നടക്കുകയാണ്. നിലവില്‍ 42 ഓവറുകള്‍ പിന്നിടുമ്പോള്‍ കിവികള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തിട്ടുണ്ട്. മികച്ച ബാറ്റിങ്ങുമായി കളം നിറഞ്ഞാടുന്ന ഡാരല്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്പ്‌സിന്റെയും കരുത്തിലാണ് സന്ദര്‍ശകര്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്.

മിച്ചല്‍ പരമ്പരയിലെ രണ്ടാം സെഞ്ച്വറി കുറിച്ചാണ് മുന്നേറുന്നത്. താരം ഇതുവരെ നേടിയത് 125 പന്തില്‍ 127 റണ്‍സാണ്. മൂന്ന് സിക്സും 13 ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. നേരത്തെ, ഈ പരമ്പരയിലെ രണ്ടാം മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു.

രാജ്കോട്ടിലെ മത്സരത്തില്‍ 1117 പന്തില്‍ 131 റണ്‍സെടുത്ത മിച്ചലിന്റെ ഇന്നിങ്സാണ് കിവികള്‍ക്ക് വിജയം സമ്മാനിച്ചത്. ആ സെഞ്ച്വറിക്ക് ശേഷമാണ് താരം ഈ മത്സരത്തിലും മൂന്നക്കം കടക്കുന്നത്. പരമ്പരയിലെ ഒന്നാം ഏകദിനത്തിലും താരം മിന്നും പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ആ മത്സരത്തില്‍ 71 പന്തില്‍ 84 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഇതുമാത്രമല്ല, എത്ര ഫോമൗട്ടായാലും ഇന്ത്യയാണ് എതിരാളികളെങ്കില്‍ മിച്ചല്‍ എപ്പോഴും ബാറ്റ് കൊണ്ട് തിളങ്ങാറുണ്ട്. താരം മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയെ ഏകദിനത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്. ധര്‍മശാലയിലും മുംബൈയിലുമെല്ലാം താരത്തിന്റെ പേരില്‍ സെഞ്ച്വറികളുണ്ട്.

അതേസമയം, മത്സരത്തില്‍ മിച്ചലിനൊപ്പം ഗ്ലെന്‍ ഫിലിപ്പ്‌സും ക്രീസിലുണ്ട്. താരത്തിന് 84 പന്തില്‍ 101 റണ്‍സാണുള്ളത്.

ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യങ് എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാന്റിന് നഷ്ടമായത്. ഇതില്‍ 41 പന്തില്‍ 30 റണ്‍സെടുത്ത യങ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ഇന്ത്യക്കായി ഹര്‍ഷിത് റാണ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Daryl Mitchell score century in 2nd consecutive match against India in ODI

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more