ചുരുക്കം സിനിമകളിലൂടെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ദര്‍ശന രാജേന്ദ്രന്‍. മായാനദി, ഇരുമ്പുതിരൈ, കൂടെ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ദര്‍ശന സീ യൂ സൂണിലൂടെ നായികയായി അരങ്ങേറി. ജയ ജയ ജയ ജയഹേയിലൂടെ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കാനും ദര്‍ശനക്ക് സാധിച്ചു.
സ്ത്രീ പ്രാധാന്യമുള്ള സിനിമകളിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഒരേ തരത്തിലുള്ളതാണെന്ന പറയുകയാണ് ദര്‍ശന രാജേന്ദ്രന്‍. സ്ത്രീകളുടെ ആഘോഷത്തിന്റെ സൈഡ് ഒരു എഴുത്തുകാരും എക്‌സ്‌പ്ലോര്‍ ചെയ്യുന്നില്ല എന്നത് എല്ലാ എഴുത്തുകാരും പരിഗണിക്കേണ്ടതാണെന്ന് താരം പറഞ്ഞു. പുതിയ ചിത്രമായ പര്‍ദയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ദര്‍ശന.
‘എല്ലാ സ്ത്രീകളും അവരുടെ ജീവിതം അവരാല്‍ കഴിയുന്ന രീതിയില്‍ ആഘോഷമാക്കുന്നുണ്ട്. അതിപ്പോള്‍ ആരായാലും അങ്ങനെ തന്നെയാണ്. പക്ഷേ, സിനിമകളില്‍ ആ ഒരു സൈഡ് ആരും എക്‌സ്‌പ്ലോര്‍ ചെയ്യുന്നില്ല. ഇപ്പോള്‍ വരുന്ന സ്ത്രീ പ്രാധാന്യമുള്ള സിനിമകളില്‍ കാണുന്ന ക്യാരക്ടേഴ്‌സെല്ലാം ബോറിങ്ങാണെന്നത് സത്യമാണ്.
ആവേശത്തില്‍ ഫഹദ് ചെയ്ത ക്യാരക്ടര്‍ ഒരു പാര്‍ട്ടി പോലെയാണ്. നമ്മുടെ ഇന്‍ഡസ്ട്രിയിലെ നടിമാര്‍ക്ക് അതുപോലെ ഒരു വേഷം ചെയ്യാന്‍ കിട്ടിയാല്‍ അവര്‍ അത് പൊളിച്ചടുക്കും. ഞാന്‍ അങ്ങനെയാണ് ചിന്തിക്കുന്നത്. പക്ഷേ, പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ ഇന്‍ഡസ്ട്രിയിലെ ആരും അങ്ങനെയൊരു ക്യാരക്ടര്‍ എഴുതുന്നില്ല’ ദര്‍ശന രാജേന്ദ്രന്‍ പറയുന്നു.
അത്തരം കഥാപാത്രങ്ങള്‍ അവിടവിടായി വളരെ കുറച്ച് മാത്രമേ ഉണ്ടാകാറുള്ളുവെന്നും ദര്‍ശന പറഞ്ഞു. കൃഷന്ദിന്റെ സിനിമകളില്‍ തനിക്ക് അങ്ങനെയൊരു ഫീല്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് തന്റെ കഥാപാത്രത്തിന് മാത്രമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. കണ്ട് ശീലിച്ചതുപോലെയല്ലാത്ത വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് അദ്ദേഹത്തിന്റെ സിനിമകളെന്നും ദര്‍ശന പറയുന്നു.
‘ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു ഏരിയയിലേക്ക് നമ്മളെ അങ്ങ് കൊണ്ടുപോയി ഇടും. അങ്ങനെ ചെയ്യുമ്പോഴാണല്ലോ നമ്മളും പുതിയതായി എന്തെങ്കിലും പഠിക്കുന്നത്. ആ സമയത്ത് നമ്മുടെ പരിധിയുടെ അപ്പുറത്തേക്ക് ശ്രമിക്കും. അല്ലെങ്കില്‍ എപ്പോഴും നില്‍ക്കുന്ന അതേ സ്ഥലത്ത് തന്നെ നില്‍ക്കേണ്ടി വരും. നല്ല രസമാണ് കൃഷന്ദിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍,’ ദര്‍ശന രാജേന്ദ്രന്‍ പറയുന്നു.
Content Highlight: Darshana Rajendran saying women can also do the role like Fahadh Fasil did in Aavesham