കഴിഞ്ഞദിവസം നടി ദര്‍ശന നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്ത്രീ കേന്ദ്രീകൃതസിനിമകളില്‍ പ്രധാനമായും അവരുടെ കഷ്ടപ്പാട് മാത്രമേ കാണിക്കുന്നുള്ളൂവെന്നും അവരുടെ ആഘോഷങ്ങള്‍ എവിടെയും കാണാറില്ലെന്നുമായിരുന്നു ദര്‍ശന പറഞ്ഞത്. സ്ത്രീകളുടെ ജീവിതത്തിലെ ആഘോഷങ്ങള്‍ സിനിമയില്‍ കാണിക്കാന്‍ എഴുത്തുകാര്‍ക്ക് സാധിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു.
ആവേശത്തില്‍ ഫഹദ് ചെയ്ത കഥാപാത്രം ഒരു പാര്‍ട്ടി പോലെയാണെന്നും അത്തരം കഥാപാത്രങ്ങള്‍ സ്ത്രീകള്‍ക്കും ചെയ്യാനാകുമെന്ന് ദര്‍ശന കൂട്ടിച്ചേര്‍ത്തു. ഇന്‍ഡസ്ട്രിയില്‍ അത്തരം വേഷങ്ങള്‍ ലഭിച്ചാല്‍ പൊളിച്ചടുക്കാന്‍ കഴിവുള്ള നടിമാരുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ ദര്‍ശന ട്രോളന്മാരുടെ ഇരയായി മാറി.
ആവേശത്തിന്റെ പോസ്റ്ററുകളില്‍ ഫഹദിന്റെ കഥാപാത്രത്തിന് ദര്‍ശനയുടെ തലയൊട്ടിച്ച് വെച്ചുള്ള ട്രോളുകള്‍ വലിയ രീതിയില്‍ പ്രചരിച്ചു. ദര്‍ശന അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ക്യാപ്ഷനാക്കി വെച്ചുകൊണ്ടാണ് പല പോസ്റ്റുകളും പ്രചരിച്ചത്. എ.ഐ ഉപയോഗിച്ച് രംഗണ്ണനെ ദര്‍ശനയാക്കിക്കൊണ്ടുള്ള ചിത്രങ്ങളും വൈറലായി.
രംഗന്‍ എന്ന കഥാപാത്രത്തെ ദര്‍ശന അവതരിപ്പിക്കുമ്പോള്‍ അമ്പാനായി നിമിഷ സജയന്‍ വേഷമിട്ടോട്ടെ എന്നും പോസ്റ്റുകളുണ്ട്. അമ്പാന്‍ എന്ന പേര് അംബിക എന്നാക്കാമെന്നും കമന്റുകളുണ്ട്. സ്ത്രീകളെല്ലാവരെയും വെച്ചുകൊണ്ടുള്ള ചിത്രം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യട്ടെയെന്നും ബോക്‌സ് ഓഫീസ് റെക്കോഡുകളെല്ലാം തകര്‍ക്കുമെന്നും പരിഹസിച്ചുകൊണ്ട് ധാരാളം കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
ബിബി മോന് പകരം ബിബി മോള്‍ ആകുമെന്നും പ്രശ്‌നം തീര്‍ക്കാന്‍ രംഗ ചേച്ചി വരുമെന്നും എടാ മോനെ എന്നതിന് പകരം എടീ മോളെ എന്ന് വിളിക്കുമെന്നും തുടങ്ങി ധാരാളും ട്രോളുകള്‍ വരുന്നുണ്ട്. എന്നാല്‍ ഗുണ്ട ബിനു എന്ന കഥാപാത്രം കൊണ്ട് മതിയായെന്നും ഇനിയും വേണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു.
സൂത്രധാരനില്‍ ബിന്ദു പണിക്കര്‍ ചെയ്തത് അത്തരമൊരു കഥാപാത്രമായിരുന്നെന്നും അത് ആരും മറക്കരുതെന്നും കമന്റുകള്‍ വരുന്നുണ്ട്. അന്തരിച്ച നടി കല്പനക്ക് ഇത്തരം വേഷങ്ങള്‍ നിസാരമായി ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുമെന്നും കമന്റുകളുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. ഫഹദ് നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടിക്ക് മുകളില്‍ സ്വന്തമാക്കി.
Content Highlight: Darshana Rajendran got trolls after she said women can do films like Aavesham