| Friday, 25th September 2026, 6:17 pm

24 വര്‍ഷമായി സാധിക്കാത്ത പരമ്പര വിജയം സ്വന്തമാക്കാനുമുള്ള വലിയ അവസരമാണിത്: ഡാരന്‍ സമി

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയെക്കുറിച്ച് സംസാരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ഡാരന്‍ സമി. ഇന്ത്യയില്‍ ഒരു പരമ്പര ജയിച്ചിട്ട് 24 വര്‍ഷമായെന്നും ഒരു ടീമെന്ന നിലയില്‍ ഇവിടെ എത്തി സ്വയം വെല്ലുവിളിക്കാനും മെച്ചപ്പെടാനുമുള്ള അവസരമാണെന്ന് സമി പറഞ്ഞു.

24 വര്‍ഷമായി സാധിക്കാത്ത പരമ്പര വിജയം സ്വന്തമാക്കാന്‍ ശ്രമിക്കാനുമുള്ള വലിയ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സമി.

‘ഇന്ത്യയില്‍ ഒരു പരമ്പര ജയിച്ചിട്ട് 24 വര്‍ഷമായി. അതുകൊണ്ടുതന്നെ, ഒരു ടീമെന്ന നിലയില്‍ ഇവിടെ എത്തി സ്വയം വെല്ലുവിളിക്കാനും ഏകദിന ക്രിക്കറ്റില്‍ മെച്ചപ്പെടാനും ലഭിച്ച മികച്ച അവസരമാണിത്. ഞങ്ങളുടെ താരങ്ങള്‍ക്ക് ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്താനും 24 വര്‍ഷമായി സാധിക്കാത്ത പരമ്പര വിജയം സ്വന്തമാക്കാനുമുള്ള വലിയ അവസരമാണിത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x.com

വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഒരു പ്രധാന ഐ.സി.സി ടൂര്‍ണമെന്റ് ജയിക്കണമെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കേണ്ടിവരും. ഇവിടെ, അവരുടെ സ്വന്തം സാഹചര്യങ്ങളില്‍ തന്നെയാണ് ഞങ്ങള്‍ ഇന്ത്യയെ നേരിടുന്നത്. മികച്ച പ്രകടനം നടത്തി പരമ്പര ജയിക്കാനായാല്‍ ലോക വേദിയില്‍ മത്സരിക്കാനുള്ള ഞങ്ങളുടെ കഴിവ് എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍ അത് സഹായിക്കും.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളാണ് ഇപ്പോഴത്തെ ഞങ്ങളുടെ പ്രധാന ശ്രദ്ധ. ടീമിനെ കൂടുതല്‍ മികവുറ്റതാക്കി, യോഗ്യതാ മത്സരങ്ങളില്‍ സൗത്ത് ആഫ്രിക്കയിലേക്ക് ടിക്കറ്റ് ഉറപ്പാക്കാനുള്ള സ്ഥാനത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യം,’ ഡാരന്‍ സമി പറഞ്ഞു.

സെപ്റ്റംബര്‍ 27 ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്‌ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, അമീര്‍ ജാംഗൂ (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിടെല്‍ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്സ്വാള്‍, നമന്‍ ധീര്‍.

Content Highlight: Darren Sammy Talking About India VS West Indies ODI Series

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more