| Sunday, 16th January 2022, 2:53 pm

കരുത്തനായി അഖിലേഷ്; ബി.ജെ.പി വിട്ട മൂന്നാമത് മന്ത്രിയും എസ്.പിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ശക്തി വര്‍ധിപ്പിച്ച് സമാജ് വാദി പാര്‍ട്ടി. ബി.ജെ.പി വിട്ട മൂന്നാമത് മന്ത്രിയെയും തങ്ങളുടെ പാളയത്തിലെത്തിച്ചാണ് അഖിലേഷ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

ബി.ജെ.പിയുടെ പിന്നാക്ക വര്‍ഗക്കാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് യോഗി മന്ത്രി സഭയിലെ പരിസ്ഥിതി വനംവകുപ്പ് മന്ത്രിയായ ധാരാസിംഗ് ചൗഹാന്‍ പാര്‍ട്ടി വിടുന്നത്. നേരത്തെ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച എം.എല്‍.എമാരും മന്ത്രിമാരും എസ്.പിയില്‍ ചേര്‍ന്നിരുന്നെങ്കിലും ചൗഹാന്‍ ഇതുവരെ സമാജ്‌വാദി പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചിട്ടില്ലായിരുന്നു.

ബി.ജെ.പിയുമായി സഖ്യത്തിലുണ്ടായിരുന്ന അപ്‌നാ ദള്‍ എം.എല്‍.എയായ ആര്‍.കെ വര്‍മയെയും എസ്.പി തങ്ങളുടെ പാളയത്തിലേക്കെത്തിച്ചിട്ടുണ്ട്.

‘ധാരാ സിംഗ് ചൗഹാനെയും ആര്‍.കെ വര്‍മയെയും ഞാന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ലഖ്‌നൗവിലും ദല്‍ഹിയിലും ഇരിക്കുന്നവരോടാണ് (കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഉദ്ദേശിച്ച്) ഇത്തവണത്തെ യുദ്ധം. അവര്‍ തകര്‍ക്കുന്ന രാഷ്ട്രീയത്തെ കുറിച്ചാണ് അവര്‍ സംസാരിച്ചിരുന്നത്. ഞങ്ങള്‍ വികസനത്തിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്,’ അഖിലേഷ് പറയുന്നു.

എസ്.പിയിലേക്കെത്തുന്ന അവസാനത്തെ ബി.ജെ.പി നേതാവാവും ധാരാ സിംഗ് ചൗഹാന്‍ എന്നാണ് കരുതുന്നത്. ഇനിയാരും ഇങ്ങോട്ട് വരേണ്ടതില്ല എന്നായിരുന്നു മറ്റ് രാഷ്ട്രീയപാര്‍ട്ടിയിലെ നേതാക്കളോട് അഖിലേഷ് നേരത്തെ പറഞ്ഞിരുന്നത്.

ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ് രാവണുമായി എസ്.പി സഖ്യത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും അവസാനം അവര്‍ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പാര്‍ട്ടിക്ക് ദളിതരോട് അവഗണനയാണെന്ന് പറഞ്ഞായിരുന്നു ചന്ദ്രശേഖര്‍ ആസാദ് സഖ്യത്തില്‍ നിന്നും പിന്‍മാറിയത്.

ഭീം ആര്‍മിക്ക് വേണ്ടി തന്റെ മുന്നണിയില്‍ രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ സഖ്യം പിന്‍വലിക്കുകയുമായിരുന്നു എന്നാണ് അഖിലേഷ് പറയുന്നത്.

‘ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു,’ അഖിലേഷ് പറയുന്നു.

യോഗി മന്ത്രി സഭയിലെ പ്രബലനായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയായിരുന്നു ബി.ജെ.പിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.

യോഗി സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദളിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചിരുന്നു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഇതിന് പിന്നാലെയായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള പരിസ്ഥിതി-വനംവകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാന്‍ രാജിവെച്ചത്. ചൗഹാന് പിന്നാലെ യു.പി മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ധരംസിംഗ് സെയ്‌നിയും പാര്‍ട്ടി വിട്ടിരുന്നു. ഇരുവരും നേരത്തെ എസ്.പിയില്‍ ചേരുകയും ചെയ്തിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന ആരോപണത്തില്‍ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Dara Singh Chauhan, 3rd UP Minister To Quit BJP, Joins Samajwadi Party

Latest Stories

We use cookies to give you the best possible experience. Learn more