| Tuesday, 29th September 2026, 9:24 pm

കറുത്ത കുതിരകള്‍, ശരിയായ ഭീഷണി; സൂപ്പര്‍ നേട്ടത്തിന് ഹാലണ്ടിന് വെല്ലുവിളിയാകാന്‍ പോകുന്നവരെ കുറിച്ച് മര്‍ഫി

ആദർശ് എം.കെ.

പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് റെയ്‌സില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ ഗോളടിയന്ത്രം എര്‍ലിങ് ഹാലണ്ടിന് ഭീഷണിയുയര്‍ത്താന്‍ പോകുന്ന താരങ്ങളെ കുറിച്ച് മുന്‍ ലിവര്‍പൂള്‍ താരം ഡാനി മര്‍ഫി.

ചെല്‍സിയുടെ യുവതാരം കോള്‍ പാല്‍മറിനെ പ്രധാന ഭീഷണിയായും, ആഴ്‌സനലിന്റെ കയ് ഹാവെര്‍ട്‌സിനെ അപ്രതീക്ഷിത കുതിപ്പ് നടത്താന്‍ ശേഷിയുള്ള കറുത്ത കുതിരയായും മര്‍ഫി വിലയിരുത്തുന്നു.

ഡാനി മര്‍ഫി

ഹാലണ്ടിന്റെ ഒന്നാം സ്ഥാനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നത് ചെല്‍സിയുടെ കോള്‍ പല്‍മറാണെന്ന് മര്‍ഫി വ്യക്തമാക്കുന്നു.

എർലിങ് ഹാലണ്ട്

‘എന്റെ അഭിപ്രായത്തില്‍ ഹാലണ്ടിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്താന്‍ പോകുന്നത് കോള്‍ പാല്‍മറാണ്. പെനാല്‍റ്റികള്‍ കൃത്യമായി വലയിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും, ചെല്‍സിയുടെ ആക്രമണങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിലൂടെയാണ് നടക്കുന്നത് എന്നതും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു.

പെനാല്‍റ്റി ബോക്‌സിലും അതിനു പുറത്തുനിന്നും ഗോള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. പാല്‍മര്‍ മത്സരങ്ങളിലുടനീളം നിരന്തരം ഗോളുകള്‍ നേടിക്കൊണ്ടേയിരിക്കും,’ മര്‍ഫി പറഞ്ഞു.

കോൾ പാൽമർ

ആഴ്‌സണല്‍ മുന്നേറ്റനിരയിലെ താരം കയ് ഹാവെര്‍ട്‌സാണ് ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ സര്‍പ്രൈസ് താരമായി മുന്നേറാന്‍ സാധ്യതയുള്ളതെന്ന് മര്‍ഫി ചൂണ്ടിക്കാട്ടി.

‘പരിക്കുകളില്ലാതെ ഫോം നിലനിര്‍ത്താന്‍ സാധിച്ചാല്‍, ഈ സീസണില്‍ 20ലധികം ഗോളുകള്‍ നേടാന്‍ കയ് ഹാവെര്‍ട്‌സിന് സാധിക്കും. ആഴ്‌സണല്‍ ഉണ്ടാക്കിയെടുക്കുന്ന അവസരങ്ങളുടെ എണ്ണം നോക്കുമ്പോള്‍, ആ ടീമിന്റെ മുന്നേറ്റ നിരയില്‍ കളിക്കുന്ന ഒരാള്‍ക്ക് ധാരാളം ഗോളുകള്‍ നേടാനാകും.

കയ് ഹാവെർട്സ്

ഹാവെര്‍ട്‌സ് ഇപ്പോള്‍ മികച്ച ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം ഹാലണ്ടിന് തൊട്ടുപിന്നില്‍ വലിയ വെല്ലുവിളിയായി ഉണ്ടാകും,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

സീസണില്‍ നിലവില്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനാണ് ഹാലണ്ട്. അഞ്ച് മത്സരത്തില്‍ നിന്നും അഞ്ച് ഗോളുകളാണ് സീസണില്‍ താരം ഇതുവരെ അടിച്ചെടുത്തത്.

Content  Highlight: Danny Murphy on the players set to challenge Erling Haaland in the Premier League Golden Boot race.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more