| Tuesday, 20th May 2025, 5:32 pm

മെസി vs റൊണാള്‍ഡോ യുഗത്തിന് ശേഷം ലാമിന്‍ vs എംബാപ്പെ; 'മറ്റാര്‍ക്കുമില്ലാത്ത എന്തോ അവനിലുണ്ട്', മികച്ച താരത്തെ തെരഞ്ഞെടുത്ത് പരേഹോ

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെക്കേള്‍ മികച്ച താരമായി ബാഴ്‌സയുടെ കൗമാര താരം ലാമിന്‍ യമാലിനെ തെരഞ്ഞെടുത്ത് വിയ്യാറയല്‍ മിഡ്ഫീല്‍ഡര്‍ ഡാനി പരേഹോ.

മറ്റാര്‍ക്കുമില്ലാത്ത എന്തോ ഒരു പ്രത്യേകത ലാമിന്‍ യമാലിനുണ്ടെന്നും അത് മത്സരം കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നു എന്നതാണെന്നും പരേഹോ പറഞ്ഞു. സ്പാനിഷ് റേഡിയോ പ്രോഗ്രാമായ എല്‍ ലാല്‍ഗ്യുറോയോട് സംസാരിക്കുകയായിരുന്നു വിയ്യാറയല്‍ താരം.

‘ലാമിന്‍ യമാല്‍, മാന്ത്രിക ദണ്ഡിനാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു പയ്യന്‍. മറ്റാര്‍ക്കുമില്ലാത്ത എന്തോ പ്രത്യേകയുള്ള താരമാണ് അവന്‍, കളിയെ കൃത്യമായി മനസിലാക്കുക എന്നതാണ് അത്. കേവലം 17 വയസ് മാത്രമാണ് അവന്റെ പ്രായം എന്നതാണ് കൂടുതല്‍ അതിശയകരം,’ പരേഹോ പറഞ്ഞു.

എംബാപ്പെ മികച്ച രീതിയില്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് ഫുട്‌ബോളെന്നത് മറ്റുചിലതാണെന്നും സ്പാനിഷ് താരം കൂട്ടിച്ചേര്‍ത്തു.

‘ഗോളുകള്‍ നിനക്ക് പണം നേടിത്തരുന്നു, ട്രോഫികളും ടൈറ്റിലുകളും നല്‍കുന്നു. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഫുട്‌ബോള്‍ കളിക്കുകയെന്നത് മറ്റുചിലത് കൂടിയാണ്. നിങ്ങള്‍ക്കവനെ (എംബാപ്പെ) തീര്‍ച്ചയായും ആവശ്യമാണ്, എന്നാല്‍ അവന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു,’ വിയ്യാറയല്‍ താരം പറഞ്ഞു.

സീസണില്‍ വിവധ മത്സരങ്ങളിലായി 54 തവണ ലാമിന്‍ യമാല്‍ കറ്റാലന്‍മാര്‍ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ഈ മത്സരങ്ങളില്‍ നിന്നും 18 തവണ ഗോള്‍ നേടിയ താരം 25 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, എംബാപ്പെയാകട്ടെ സീസണില്‍ കളിച്ച 54 മത്സരത്തില്‍ നിന്നും 40 ഗോളും നാല് അസിസ്റ്റും തന്റെ പേരില്‍ കുറിച്ചു. എന്നാല്‍ താരത്തിന്റെ മികച്ച പ്രകടനത്തിലും റയലിന് ഒറ്റ കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, ലാമിന്‍ യമാലാകട്ടെ ബാഴ്‌സക്കൊപ്പം പല കിരീടങ്ങളും സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിനെ 5-2ന് പരാജയപ്പെടുത്തി സൂപ്പര്‍ കോപ്പ ഡി എസ്പാന സ്വന്തമാക്കിയ ബാഴ്‌സ ടീമില്‍ യമാലിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു.

ഇതിനൊപ്പം ഈ വര്‍ഷം ലാലിഗയും കോപ്പ ഡെല്‍ റേ കിരീടവും ബാഴ്‌സ സ്വന്തമാക്കി. കോപ്പ ഡെല്‍ റേയിലും ലോസ് ബ്ലാങ്കോസിനെ തന്നെയാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനെ കാഴ്ചക്കാരാക്കിയാണ് കറ്റാലന്‍മാര്‍ ലീഗ് കിരീടം ശിരസിലണിഞ്ഞത്. ചരിത്രത്തിലെ 28ാം ലാലിഗ ട്രോഫിയാണ് ബാഴ്‌സ സ്വന്തമാക്കിയത്.

ഒരു പതിറ്റാണ്ടിനിപ്പുറം ട്രെബിള്‍ കിരീടം സ്വപ്‌നം കണ്ടിരുന്നെങ്കിലും സെമിയില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനോട് ഒറ്റ ഗോളിന് പരാജയപ്പെട്ട് (അഗ്രഗേറ്റ് സ്‌കോര്‍ 7-6) ചാമ്പ്യന്‍സ് ലീഗ് കിരീടമോഹങ്ങള്‍ ബ്ലൂഗ്രാനയ്ക്ക് അടിയറവ് വെക്കേണ്ടി വന്നിരുന്നു.

Content Highlight: Dani Parejo picks best player between Lamine Yamal and Kylian Mbappe

We use cookies to give you the best possible experience. Learn more