| Saturday, 6th September 2025, 3:57 pm

ഡാൻസിന് രൂപഭംഗി വേണ്ട; ഞാൻ പ്രതീക്ഷിക്കുന്നത് ആസ്വാദനം: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എൺപതുകളിലും തൊണ്ണൂറുകളിലും മുൻനിര താരങ്ങൾക്കൊപ്പവും പ്രശസ്ത സംവിധായകർക്കൊപ്പവും തിളങ്ങിയ നടിയാണ് ശോഭന. പതിനാലാം വയസിൽ സിനിമയിലേക്ക് എത്തിയ ശോഭന ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് അവർ.

രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും നടി സ്വന്തമാക്കി. തരുൺ മൂർത്തി മോഹൻലാൽ ചിത്രം തുടരും ആണ് ശോഭന ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

ഡാൻസ് കളിക്കാൻ നിറം വേണമെന്ന ഒരു കലാമണ്ഡലം സത്യഭാമയുടെ പരാമർശം മുമ്പ് വിവാദത്തിന് ഇടയാക്കിയിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ശോഭന.

‘എനിക്ക് ഡാൻസറിന് ‘ഭംഗി’ ഉണ്ടാകണമെന്നില്ല. നമ്മൾ ആദ്യമൊരു വേദിയിൽ വരുമ്പോൾ നമ്മൾ അഞ്ച് മിനിട്ട് പോലും ഭംഗി ശ്രദ്ധിക്കില്ല. അത് ഭംഗിയായാലും, വണ്ണമായാലും, പ്രായമായാലും അത് വളരെ കുറച്ച് സമയം മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.

ഒരു പ്രേക്ഷക എന്ന നിലയിൽ എന്റെ അഭിപ്രായത്തിൽ, ഞാൻ എന്റെ സമയം കളഞ്ഞ് പോയാൽ ഞാൻ ചിലതെല്ലാം എക്‌പെക്ട് ചെയ്യും. അത് ഭംഗിയല്ല. ഭംഗിക്ക് വേണ്ടിയാണെങ്കിൽ ബ്യൂട്ടി മത്സരത്തിന് പോകാമായിരുന്നു,’ ശോഭന പറയുന്നു.

പ്രേക്ഷക എന്ന നിലയിൽ താൻ പ്രതീക്ഷിക്കുന്നത് ആസ്വദിക്കാൻ പറ്റുക എന്നതാണെന്നും ഭരതനാട്യം എന്നുപറയുന്നത് അത്മീയത മാത്രമല്ല, ആസ്വദിക്കാൻ വേണ്ടി കൂടിയായിരുന്നെന്നും ശോഭന പറയുന്നു.

താൻ എപ്പോഴും ഡാൻസ് കാണാൻ പോകുന്നത് നന്നായി ഡാൻസ് കളിക്കുന്നത് കാണാൻ വേണ്ടിയിട്ടാണെന്നും നമ്മെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന കലയെ ആണ് താൻ നോക്കുന്നതെന്നും ശോഭന കൂട്ടിച്ചേർത്തു.

അതിൽ ഭംഗി എത്രമാത്രം സഹായിക്കും എന്നുള്ളത് തനിക്കറിയില്ലെന്നും എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം നിറമോ മറ്റ് കാര്യങ്ങളോ താൻ നോക്കാറില്ലെന്നും നടി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു ശോഭന

Content Highlight: Dance doesn’t require beauty; all I expect is enjoyment says Shobhana

We use cookies to give you the best possible experience. Learn more