| Thursday, 17th July 2025, 4:48 pm

കേരളത്തിലെ ദളിതര്‍ ഒരിക്കലും രാമായണം വായിച്ചിട്ടില്ല; തന്ത്രഗ്രന്ഥങ്ങളില്‍ രാമന്റെ പേരില്ല: ടി.എസ്. ശ്യാം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ രചിക്കപ്പെട്ട തന്ത്ര ഗ്രന്ഥങ്ങളില്‍ രാമനില്ലെന്നും കേരളത്തിലെ ദളിതര്‍ ഒരുകാലത്തും രാമായണം വായിച്ചിട്ടില്ലെന്നും സാമൂഹിക ചിന്തകനും ആക്ടിവിസ്റ്റുമായ ഡോക്ടര്‍ ടി.എസ്. ശ്യാം കുമാര്‍. കേരളത്തിലെ അമ്പലങ്ങളില്‍ എന്നുമുതലാണ് രാമായണം വായിക്കാന്‍ തുടങ്ങിയതെന്ന് ശ്യാം കുമാര്‍ ചോദിക്കുന്നു.

എട്ടാം നൂറ്റാണ്ടു മുതലുള്ള ഒരു ശിലാ ശാസനങ്ങളിലും കേരളത്തില്‍ രാമായണം വായിച്ചതിന്റെ ഒരു ചരിത്രവുമില്ലെന്നും അദ്ദേഹം പറയുന്നു. വാഴപ്പിള്ളി ശാസനം മുതലിങ്ങോട്ട് ധാരാളം ശിലാലിഖിതങ്ങളുണ്ട്. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകളെന്ന് പറഞ്ഞ് പുതുശ്ശേരി രാമചന്ദ്രന്‍ അതെല്ലാം സംശോധനം ചെയ്ത് പഠനം പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം.ജി.എസ് നാരായണന്‍ പെരുമാള്‍ സോഫ്റ്റ് കേരളയില്‍ ധാരാളം ക്ഷേത്ര ലിഖിതങ്ങള്‍ ഉള്‍പ്പെടുത്തി പഠനം നടത്തിയിട്ടുണ്ടന്നും ഈ ക്ഷേത്ര ശിലാലിഖിതങ്ങളിലൊന്നും കേരളത്തില്‍ രാമായണം വായിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വരി പോലും ഇല്ലെന്നും ശ്യാം കുമാര്‍ പറഞ്ഞു. എന്നാല്‍ മഹാഭാരത പട്ടത്താനം എന്നു പറയുന്ന മഹാഭാരത പാരായണം നടന്നിരുന്നുവെന്നും പക്ഷേ രാമായണ പാരായണം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ രചിക്കപ്പെട്ട തന്ത്ര ഗ്രനന്ഥങ്ങളില്‍ രാമനില്ല, വിഷ്ണുമാത്രമേയുള്ളുവെന്നും അദ്ദേഹം ഉന്നയിക്കുന്നു. 19ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കുഴിക്കാട്ടുപച്ചയിലും രാമനില്ലെന്നും രാമായണ പാരായണം പ്രതിരോധിക്കേണ്ടത് ദലിതരുടെ മാത്രം വിഷയമല്ലെന്നും സമൂഹം ഒന്നാകെ പ്രതിരോധിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലും ഇന്ത്യയിലും ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥകളെ കുറിച്ചും ശ്യാം കുമാര്‍ പരാമര്‍ശിച്ചു. ജാതി എല്ലാ അര്‍ത്ഥത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും നമ്മുടെ സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ അത് വളരെ കൃത്യമായിട്ട് കാണാനാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Content Highlight: Dalits in Kerala have never read Ramayana; Ram’s name is not found in Tantra texts: T.S. Shyam Kumar

We use cookies to give you the best possible experience. Learn more