| Monday, 20th October 2025, 10:57 pm

ദളിത് യുവാവിനെകൊണ്ട് ചെരുപ്പ് നക്കിച്ചു; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് 12 ദിവസത്തിന് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ദളിത് യുവാവിനെക്കൊണ്ട് ഹിന്ദുസമുദായത്തിലെ ജാതിവാദികൾ ചെരുപ്പ് നക്കിച്ചെന്നും ക്രൂരമായി അക്രമിച്ചെന്നും റിപ്പോർട്ട്. നേരത്തെ പ്രതികൾ ഡോ.ബി.ആർ അംബേദ്‌കറുടെ ചിത്രം കീറിയിരുന്നെന്നും അതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

സിംനൗദി സ്വദേശിയായ ഉമേഷ് ബാബുവിനെയാണ് ആക്രമിച്ചത്. ഒക്ടോബർ അഞ്ചിനായിരുന്നു സംഭവം നടന്നത് എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് 12 ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.

സിംനൗദിയിൽ നിന്നും മാർക്കറ്റിലേക്ക് യാത്രചെയ്യുകയായിരുന്ന തന്നെ അഭയ് സിങ് എന്നയാളും കൂടെയുണ്ടായിരുന്ന രണ്ടുപേരും തടഞ്ഞെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ഉമേഷ് പറഞ്ഞു. അവർ തന്നെ നിർബന്ധിച്ച് ചെരുപ്പ് നക്കിച്ചെന്നും തുടർന്ന് തന്നെ അക്രമിച്ചെന്നും തന്റെ കൈ ഒടിച്ചെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ പോലീസിൽ നിന്നും സഹായം തേടിയപ്പോൾ അവഗണിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ പലതവണ പോലീസ് സ്റ്റേഷനിൽ പോയി. ഞാൻ പറയുന്നത് അവർ കേൾക്കാൻ പോലും തയ്യാറായില്ല,’ ഉമേഷ് പറഞ്ഞു. ഒടുവിൽ എസ്. പിയുടെ നിർദേശപ്രകാരം പ്രതികൾക്കെതിരെ ദളിതർക്കെതിരായ അതിക്രമങ്ങളിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

എഫ്.ഐ.ആർ ഫയൽ ചെയ്യാൻ 12 ദിവസത്തെ കാലതാമസം ഉണ്ടായത് പ്രദേശത്ത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള അക്രമം പരിഹരിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി രേഖപ്പെടുത്താൻ ആദ്യം വിസമ്മതിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉമേഷിന്റെ കുടുംബം ആവശ്യപ്പെട്ടു.

Content Highlight: Dalit youth licked his shoes; FIR registered after 12 days

We use cookies to give you the best possible experience. Learn more