| Friday, 28th August 2026, 2:21 pm

ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിത് യുവാവിന് ക്രൂരമര്‍ദനം; വായില്‍ ചാണകം തിരുകിയെന്ന് പരാതി: ആറ് പേര്‍ക്കെതിരെ കേസ്

അഞ്ജു ചന്ദ്രന്‍

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍നയില്‍ സ്വയം പ്രഖ്യാപിത ഗോസംരക്ഷകരായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ദളിത് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നിര്‍ബന്ധിച്ച് വായില്‍ ചാണകം തിരുകുകയും ചെയ്തതായി പരാതി.

സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സംഭവത്തില്‍ ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരമേശ്വര്‍ സുഹാസ് ഹിവാലെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ദേവുള്‍ഗാവ് രാജയിലെ ആഴ്ച്ച ചന്തയില്‍ നിന്ന് വാങ്ങിയ കാളയുമായി പതിനൊന്ന് വയസുള്ള മകനൊപ്പം മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതി നല്‍കിയ യുവാവ് പറഞ്ഞു.

കണ്‍ഹയ്യ പ്രദേശത്ത് ഒരു സംഘം വാഹനം തടഞ്ഞു നിര്‍ത്തുകയും തങ്ങള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും ഗോസംരക്ഷകരുമാണെന്ന് അവകാശപ്പെട്ടു. തുടര്‍ന്ന് കാളയെ മുസ്‌ലിം ഇറച്ചി വ്യാപാരിക്ക് വില്‍ക്കാനാണ് കൊണ്ടുപോകുന്നതെന്ന് ആരോപിച്ച് മര്‍ദിച്ചതായും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

കാളയെ നിയമാനുസൃതമായാണ് വാങ്ങിയതെന്ന് പറഞ്ഞിട്ടും വാങ്ങിയതിന്റെ രേഖകള്‍ കാണിച്ചിട്ടും സംഘം ആക്രമിച്ചെന്നാണ് പരാതിക്കാരന്റെ വാദം.

തന്റെ ജാതിയും പേരും ചോദിച്ചശേഷം ജാതീയ അധിക്ഷേപം നടത്തിയെന്നും തന്റെ മകന്റെ വായില്‍ നിര്‍ബന്ധിച്ച് ചാണകം തിരുകിയെന്നും യുവാവ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ സംഘത്തിലെ ഒരാള്‍ അത് ഫോണില്‍ പകര്‍ത്തിയെന്നും യുവാവ് പറഞ്ഞു.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞതോടെയാണ് യുവാവ് ജല്‍ന തഹസില്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ആറ് പേരെ തിരിച്ചറിഞ്ഞതായും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Content Highlights: Dalit youth brutally beaten in the name of cow protection; complaint alleges cow dung was stuffed into his mouth; case registered against six people.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more