| Monday, 2nd October 2017, 9:06 am

ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ദളിത് യുവാവിനെ തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള “ഗര്‍ബ” കാണാനെത്തിയ യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു. ജയേഷ് സോളങ്കിയെന്ന 21കാരനാണ് കൊല്ലപ്പെട്ടത്.

പ്രദേശത്തെ ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളുമൊത്ത് ഇരിക്കവെ സഞ്ജയ് പട്ടേല്‍ എന്നയാള്‍ ജാതിപ്പേര് വിളിച്ച് ജയേഷിനെ ആക്ഷേപിക്കുകയും തുടര്‍ന്ന് കൂട്ടുകാരുമായി ചേര്‍ന്ന് അടിക്കുകയുമായിരുന്നു. ദളിതര്‍ക്ക് ഗര്‍ബ നൃത്തം കാണാന്‍ അവകാശമില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

തല ചുമരില്‍ ഇടിപ്പിച്ചാണ് സംഘം ജയേഷിനെ ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജയേഷ് മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ പട്ടേല്‍ വിഭാഗക്കാരായ സഞ്ജയ്, ചിന്തന്‍, ജിഗ്നേഷ്, റുത്‌വിക്, വിക്കി, ധവാല്‍ റിപെന്‍, ദീപേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മീശ പിരിച്ചുവെന്ന പേരില്‍ ദളിത് യുവാവിനെ ഗുജറാത്തില്‍ മേല്‍ജാതിക്കാര്‍ ആക്രമിച്ചിരുന്നു. ഗര്‍ബ കണ്ടുമടങ്ങുമ്പോഴായിരുന്നു ആക്രമണം.

Latest Stories

We use cookies to give you the best possible experience. Learn more