| Saturday, 26th September 2026, 10:44 am

ബ്രാഹ്‌മണ യുവതിയെ പ്രണയിച്ചതിന് യു.പിയില്‍ ദളിത് യുവാവിനെ പൊലീസ് സ്റ്റേഷനില്‍ തല്ലിക്കൊന്നു

നിഷാന. വി.വി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയില്‍ ദുരഭിമാന കൊല. ബ്രാഹ്‌മണ വിഭാഗത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് 22കാരനായ ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലിക്കൊല്ലുകയായിരുന്നു.

അര്‍ജുന്‍ ഗൗതം എന്ന് പേരുള്ള യുവാവാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബവും പൊലീസും തമ്മില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകമെന്ന് യുവാവിന്റെ കുടുംബം പറയുന്നു.

അര്‍ജുനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അര്‍ജുന്റെ സഹോദരി കാഞ്ചന പറയുന്നു. എന്നാല്‍ അര്‍ജുന്‍ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് വാദം.

അര്‍ജുനും ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞതുമുതല്‍ പെണ്‍കുട്ടിയുടെ കുടുംബം ബന്ധത്തെ എതിര്‍ത്ത് രംഗത്തെത്തി. പെണ്‍കുട്ടിയുടെ കുടുംബം പൊലീസുമായി ചേര്‍ന്ന് അര്‍ജുനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന് സഹോദരി കാഞ്ചന പറഞ്ഞു.

അര്‍ജുന്റെ അച്ഛന്‍ ലല്ലു റാമിന്റെ പരാതിയില്‍ എസ്എസി/എസ്.ടി ആക്ട് പ്രകാരം പെണ്‍കുട്ടിയുടെ പിതാവ്, സഹോദരന്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്

Content Highlight: Dalit youth beaten to death in police station in UP for falling in love with a Brahmin woman.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more