മുംബൈ: മഹാരാഷ്ട്രയില്‍ ദളിതര്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത് ദളിത് സംഘടനകള്‍. അംബേദ്ക്കറുടെ ചെറുമകനും ആക്ടിവിസ്റ്റുമായ പ്രകാശ് അംബേദ്കറാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദളിത്- മറാത്ത വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ദേശീയപാതകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ നഗരത്തില്‍ പലയിടത്തും വാഹനങ്ങളും തീവണ്ടിയും തടഞ്ഞു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയുംചെയ്തു. നഗരത്തില്‍ പലയിടത്തും ഗതാതതം തടസപ്പെട്ടു.
134 സര്‍ക്കാര്‍ ബസ്സുകളാണ് അക്രമത്തില്‍ തകര്‍ന്നത്. 25 ഓളം വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. ഔറംഗബാദ്, പുണെ റൂറല്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. അക്രമമുണ്ടായ സ്ഥലങ്ങളില്‍ വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്രാ മുഖമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ജനങ്ങളോട് സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തു. അക്രമത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദളിത് വിഭാഗക്കാര്‍ നടത്തിയ റാലിയ്ക്കുനേരെ സംഘപരിവാര്‍ നടത്തിയ അക്രമമാണ് വ്യാപകമായ സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും നയിച്ചത്. “ബ്രിട്ടീഷ് വിജയം” ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് സംഘപരിവാര്‍ ആക്രമണം തുടങ്ങിയത്.