| Wednesday, 12th November 2025, 11:20 am

സി.എന്‍ വിജയകുമാരിയുടെ വീട്ടില്‍ ഭക്ഷണം വിളമ്പുന്നത് ദളിത് വ്യക്തി: സംഘപുത്രനായ വി.സി സംരക്ഷിക്കും: ബി.ജെ.പി സിന്‍ഡിക്കേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃത വിഭാഗം മേധാവി സി. എന്‍ വിജയകുമാരിയെ പിന്തുണച്ച് ബി.ജെ.പി സിന്‍ഡിക്കേറ്റിന്റെ വിവാദ പരാമര്‍ശം.

പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ അധ്യാപികയുടെ വീട്ടില്‍ നിന്നടക്കം പഠിക്കുന്നുണ്ടെന്ന് ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാര്‍ പറഞ്ഞു. വിജയകുമാരിയുടെ വീട്ടില്‍ ഭക്ഷണം വിളമ്പുന്നത് ദളിത് വ്യക്തിയാണെന്നും അദ്ദേഹം വിവാദപരാമര്‍ശം നടത്തി.

ജാതി അധിക്ഷേപം നടത്തിയതായി വിജയകുമാരിക്ക് എതിരെ പരാതി നല്‍കിയ ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയനെയും ബി.ജെ.പി അധിക്ഷേപിച്ചു. വിദ്യാര്‍ത്ഥിയുടെ വൈജ്ഞാനിക പാപ്പരത്തം ഒഴിവാക്കാനാണ് ജാതി അധിക്ഷേപ പരാതി ഉന്നയിച്ചതെന്ന് ബി.ജെ.പി സിന്‍ഡിക്കേറ്റ് ആരോപണം ഉന്നയിച്ചു.

കൂടാതെ സംഘപുത്രനാണ് വി.സിയെന്നും അദ്ദേഹം സംസ്‌കൃത മേധാവിയെ സംരക്ഷിക്കുമെന്നും ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു.

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. വിജയകുമാരിക്കെതിരെ നടപടിയെടുക്കണമെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. നവംബര്‍ 18ന് സിന്‍ഡിക്കേറ്റ് വീണ്ടും യോഗം ചേരും.

അതേസമയം, കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപത്തെ ചൊല്ലി കഴിഞ്ഞദിവസങ്ങളിലായി സോഷ്യല്‍മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബി.ജെ.പി ആരോപണ വിധേയക്ക് പരസ്യ പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ വിദ്യാര്‍ത്ഥിയുടെ ജാതി അധിക്ഷേപ പരാതി വിജയകുമാരി തള്ളിയിരുന്നു.

താന്‍ അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചെന്നും അതിന്റെ പേരിലാണ് പൊലീസ് കേസെടുത്തതെന്നും വിജയകുമാരി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. അതേസമയം, വിഷയത്തില്‍ ഹൈക്കോടതി സര്‍വകലാശാലയോടും ഗവര്‍ണറോടും വിശദീകരണം തേടി.

അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍ വെച്ചടക്കം പലതവണ സംസ്‌കൃതം മേധാാവി തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്റെ പരാതി.

സോഷ്യല്‍മീഡിയയിലൂടെ ആക്ഷേപം ഉന്നയിച്ച വിപിന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിജയകുമാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് പറഞ്ഞ് പലതവണ തന്നെ അധിക്ഷേപിച്ചു. എം.എയും എം.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള തന്നെ സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്തയാളെന്ന് ആക്ഷേപിച്ച് റിപ്പോര്‍ട്ട് നല്‍കി. തന്റെ പ്രബന്ധം റദ്ദാക്കാനായി നീക്കങ്ങള്‍ നടത്തിയെന്നുമാണ് വിപിന്‍ വിജയന്റെ പരാതിയില്‍ പറയുന്നത്.

സംഭവത്തെ അപലപിച്ച് ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദു രംഗത്തെത്തിയിരുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു.

Content Highlight: Kerala University Caste discrimination: Dalit person serving food at Sanskrit  Dean C.N. Vijayakumari’s house: BJP syndicate

We use cookies to give you the best possible experience. Learn more