| Wednesday, 4th June 2025, 1:18 pm

പൊലീസ് ആക്രമണത്തിനിരയായ ദളിത് യുവാക്കളെ കാണാനെത്തിയ ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ പൊലീസ് ആക്രമണത്തിനിരയായ ദളിത് യുവാക്കളെ കാണാനെത്തിയ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ പ്രതിഷേധം.

യുവാക്കളെ കാണാനെത്തിയ ജഗൻ മോഹൻ റെഡ്ഡിയെ കടത്തിവിടാതിരിക്കാൻ പ്രതിഷേധക്കാർ പ്രധാന റോഡുകൾ ഉപരോധിച്ചു. ഒപ്പം മനുഷ്യച്ചങ്ങലകൾ തീർക്കുകയും കറുത്ത ബലൂണുകൾ കാണിക്കുകയും ‘ജഗൻ ഗോ ബാക്ക്’ എന്നുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

അദ്ദേഹം യുവാക്കളെ ആക്രമിച്ച പൊലീസുകാരെ പിന്തുണക്കുന്നുവെന്ന് പ്രതിഷേധ സംഘടനയായ മാഡിഗ റിസർവേഷൻ പൊറാട്ട സമിതി പ്രവർത്തകർ ആരോപിച്ചു.

തെലുങ്കുദേശം പാർട്ടിയുടെ ദളിത് വിഭാഗം നേതാവും എം.എൽ.എയുമായ എം.എസ്. രാജുവും ജഗനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ദളിത് അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ മറവിൽ ജഗൻ കുറ്റവാളികളെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘ജഗൻ കുറ്റവാളികളുടെ ബ്രാൻഡ് അംബാസഡറായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടി വൈ.എസ്.ആർ.സി.പി മുതലക്കണ്ണീർ പൊഴിക്കുകയും ജാതിയെ രാഷ്ട്രീയ കവചമായി ഉപയോഗിക്കുകയും ചെയ്യുന്നു,’ എം.എസ്. രാജു പറഞ്ഞു.

ആന്ധ്രാ പ്രദേശിലെ തെനാലിയിലെ ലിംഗരാജു സെന്ററിന് സമീപത്ത് പൊതുവഴിയിൽ യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മൂന്ന് ദളിത് യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയിരുന്നു. സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. മൂന്ന് പേരും കഞ്ചാവ് ലഹരിയിൽ ഒരു കോൺസ്റ്റബിളിനെ ആക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ദൃശ്യങ്ങൾക്ക് പിന്നാലെ പൊലീസിന്റെ അതിക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു.

വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി സംഭവത്തെ അപലപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തപ്പോൾ, ആഭ്യന്തരമന്ത്രി അനിത പൊലീസിനെ ന്യായീകരിച്ചു. പൊലീസ് അക്രമികൾക്കും കഞ്ചാവ് പ്രതികൾക്കുമെതിരെയാണ് നടപടിയെടുത്തതെന്ന് അവർ പറഞ്ഞു.

ആന്ധ്രാ പ്രദേശിനെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുകയാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ടി.ഡി.പി സർക്കാരിനെ ജഗൻ മോഹൻ റെഡ്ഢി വിമർശിച്ചിരുന്നു. പിന്നാലെയായിരുന്നു അദ്ദേഹം തെനാലിയിൽ സന്ദർശനം നടത്തിയത്.

Content Highlight: Dalit outrage in Tenali after Jagan Reddy’s visit over alleged police brutality

Latest Stories

We use cookies to give you the best possible experience. Learn more