ലഖ്‌നൗ: ദളിത് യുവാവിനെ ചെരുപ്പ് കൊണ്ട് അടിച്ച സംഭവത്തില്‍ ഗ്രാമത്തലവന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലാണ് സംഭവം. യുവാവിനെ അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ദളിത് വിഭാഗത്തില്‍പ്പെട്ട ദിനേശ് കുമാറിനാണ് മര്‍ദനമേറ്റത്. ദിനേശ് കുമാറിനെ താഴെയിരുത്തിയ ശേഷം ചെരുപ്പൂരി ശക്തിയായാണ് മര്‍ദിക്കുന്നത്. പുറത്തേക്ക് വിടുന്നതിനിടെ രണ്ടാമതൊരു വ്യക്തിയും ദിനേശിനെ കൈകൊണ്ട് അടിക്കുന്നത് കാണാം.
സംഭവത്തില്‍ ഗ്രാമത്തലവന്‍ ശക്തിമോഹന്‍ ഗുര്‍ജാര്‍, റേത നഗ്ല ഗ്രാമത്തിലെ മുന്‍ തലവന്‍ ഗജെ സിങ് എന്നിവരാണ് യുവാവിനെ മര്‍ദിച്ചത്. ഇയാളെ കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി), എസ്.സി/എസ്.ടി അതിക്രമങ്ങള്‍ തടയല്‍ എന്നീ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഗ്രാമത്തലവന്‍ ശക്തി മോഹനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ടാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും സിറ്റി പൊലീസ് സുപ്രണ്ട് അര്‍പിത് വിജയവര്‍ഗിയ പറഞ്ഞു.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
അക്രമണത്തെചൊല്ലി പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Content Highlight: Dalit man beaten up by villagehead with chappal, video goes viral