| Thursday, 31st May 2018, 9:25 pm

കേരളത്തിലെ ദളിത് സാമൂഹ്യജീവിതം

നീതു ഉണ്ണി പാടത്തി

കേരളത്തിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ ജാതിയെ കേന്ദ്രീകരിച്ച / ജാതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ധാരാളമായി കാണുവാന്‍ കഴിയും. നമുക്ക് ജാതിയില്ല, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നിങ്ങനെ ജാതിയെയും മതത്തെയും ത്യജിക്കുന്ന പ്രബോധനങ്ങള്‍ ഇത്തരം ശ്രമത്തിന്റെ ഫലമായി ഉയര്‍ന്നു വരുകയും ചെയ്യുന്നുണ്ട്. കേരളീയാന്തരീക്ഷത്തില്‍ ഇതെത്രത്തോളം സാധ്യമായി എന്നത് ഇന്നും പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ട ഒന്നായി നിലനില്‍ക്കുന്നു. ജാതിയെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ ജാതിയെ ഊട്ടിയുറപ്പിക്കാനാണ് സഹായിച്ചതെന്നും പറയാം. ശ്രീ നാരായണന്റെ അരുവിപ്പുറം പ്രതിഷ്ഠ തന്നെ ഇത്തരത്തിലുള്ള ഒന്നാണ്.

സവര്‍ണ്ണ ജീവിതങ്ങള്‍ തങ്ങളുടെ പൊതുവിടത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ ജീവിതങ്ങളെയാണ് ദളിത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഈ പൊതുവിടത്തെ പ്രതിനിധികരിക്കുന്നത് തങ്ങളാലാണ് എന്ന സവര്‍ണ്ണബോധം എത്തരത്തിലായിരിക്കാം രൂപപ്പെട്ടതെന്ന് ഇന്നും അന്യമായി നില്‍ക്കുന്ന ഒന്നാണ്. വിദ്യാഭ്യാസവും നിറവും ജാതിയും മതവും എല്ലാം ഇത്തരമൊരു ചിന്തയെ പാകപ്പെടുത്തുന്ന രീതില്‍ പ്രവര്‍ത്തിച്ചിരിക്കുവാനും മതി. അതല്ല സവര്‍ണരിലാണ് ഇത്തരത്തിലുള്ള പ്രതിനിധാനങ്ങള്‍ കേന്ദ്രീകരിക്കുന്നതെങ്കില്‍ സവര്‍ണ സ്ത്രീകള്‍ എന്തുകൊണ്ട് ഇതിന് പുറത്തായിയെന്ന ചോദ്യവും ഉയരുന്നു.

പൊതുവിട നിര്‍മ്മാണത്തില്‍ നിന്ന് പുറത്തേക്ക് പോയ വിഭാഗങ്ങളില്‍ പുലയനും, പറയനും തുടങ്ങി നിരവധി ജാതികള്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരിലാകട്ടെ ജാതിക്കുള്ളില്‍ തന്നെ ജാതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സവര്‍ണരെ മാത്രമല്ല ദളിത് വിഭാഗത്തില്‍ തന്നെ ജാതിയുടെ ഉയര്‍ച്ചതാഴ്ച്ചകളെയടിസ്ഥാനമാക്കി തൊട്ടുകൂടാത്തവരെന്നോ തീണ്ടിക്കൂടാത്തവരെന്നോ ഉള്ള വേര്‍തിരിവുകള്‍ ഉയര്‍ന്നു വന്നു. ഇതില്‍ നിന്ന് മോചനം ആഗ്രഹിച്ച ഒരു വിഭാഗം ആളുകള്‍ മിഷണറിയുടെ സഹായത്തോടെ മറ്റു മതങ്ങളിലേക്ക് മതപരിവര്‍ത്തനം നടത്തി ചേക്കേറി.

മതപരിവര്‍ത്തനത്തിലൂടെ തങ്ങള്‍ സ്വീകരിച്ച മതത്തിലും അവര്‍ രണ്ടാംതരക്കാരായി മാറും എന്നറിയാമെങ്കിലും തങ്ങള്‍ അനുഭവിച്ചു പോരുന്ന വിവേചനങ്ങള്‍ക്ക് ചെറിയ തോതിലുള്ള പരിഹാരം എന്ന നിലയില്‍ ആ കാലത്ത് മതപരിവര്‍ത്തനത്തിന് വിധേയമായവര്‍ അനവധിയാണ്. പുതുക്രിസ്ത്യാനി, പൊലപ്പള്ളി എന്ന വാക്കുകളിലൂടെ ഇവരെയും ഇവരുടെ പ്രവര്‍ത്തനങ്ങളെയും അടയാളപ്പെടുത്തിപോന്നു.

ജാതിയെ ഊട്ടിയുറപ്പിക്കുന്ന ഒന്നായിരുന്നെങ്കിലും നവോത്ഥാന ശ്രമങ്ങളുടെ ഫലമായി ദളിത് ജീവിതങ്ങള്‍ക്ക് പൊതുവിടത്തില്‍ ദൃശ്യത കൈവന്നു എന്നിരുന്നാല്‍ തന്നെയും നവോത്ഥാന കാലഘട്ടത്തില്‍ നിന്ന് ഉത്തരാധുനികതയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ദളിത് സാമൂഹ്യ ജീവിതം അത്ര സുഗമമായ ഒന്നല്ല. ജാതിയെന്നത് പല തരത്തില്‍ പ്രവര്‍ത്തിക്കുകയും അത് കൃത്യമായി ദളിത് ജീവിതങ്ങളെ വേര്‍തിരിച്ച് നിര്‍ത്തുകയും ചെയ്യുന്നു.

നിറത്തിന്റെ പേരില്‍ അത് സ്‌കൂള്‍ കാലഘട്ടത്തില്‍ സ്വാധീനം ചെലുത്തുന്നു. സ്‌കൂള്‍ അനുഭവത്തില്‍ നിന്ന് തന്നെ പറയാം വീടിനടുത്തുള്ള ക്രിസ്തീയ വിദ്യാലയത്തിലായിരുന്നു എല്‍.പി സ്‌കൂള്‍ പഠനം. അവിടെ ഏതെങ്കിലും വിശേഷാവസരങ്ങളില്‍ വിശിഷ്ട വ്യക്തികള്‍ക്ക് പൂക്കള്‍ നല്‍കി സ്വീകരിക്കാന്‍ കുട്ടികളെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവളായിരുന്നു ഞാന്‍. കാണാന്‍ വെളുത്തവളോ, ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചവരെയോ മാത്രമാണ് ഇതിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ഇവര്‍ക്കാകട്ടെ പഠനത്തിലും അധ്യാപകരുടെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങളും, മുന്‍ഗണനകളും ലഭിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികളുടെ തുടര്‍ന്നുപോരല്‍ എത്രയോ വിദ്യാര്‍ത്ഥികളെ മാറ്റം വാങ്ങി പോകാന്‍ നിര്‍ബന്ധരാക്കിയിട്ടുണ്ട്. ഇത്തരം ശ്രമങ്ങളിലൂടെ രണ്ട് കാര്യങ്ങളാണ് ഒരു അപകര്‍ഷതാബോധമായി എന്നില്‍ പിന്നീടുണ്ടായിരുന്നത്.

• ഞാന്‍ കറുത്തവളും പൊതു സമൂഹത്തിന് മുന്‍പില്‍ ചെന്ന് കൂടാത്തവളുമാണ്.
ജനിക്കുമ്പോള്‍ ദളിതാവരുത്.

ദളിത് ജീവിതങ്ങളെ ഒന്നായി പുനരധിവസിപ്പിച്ച കോളനികളും ഇത്തരം ദുരിതങ്ങളുടെ ആക്കം കൂട്ടുകയാണ് ചെയ്തത്. ഇത്തരം കോളനികള്‍ പലപ്പോഴും ആക്രമണങ്ങളുടെ കേന്ദ്രസ്ഥാനങ്ങളായാണ് മുദ്രകുത്തപ്പെട്ടത്. ഇത്രയും നാള്‍ ആ കോളനിയില്‍ കഴിഞ്ഞ മറ്റു മതത്തില്‍പ്പെട്ടവര്‍ തങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കാന്‍ പറ്റാത്തിടമായി വീട് ഉപേക്ഷിക്കുമ്പോഴാണ് ജാതിയെന്ന് പറയുന്നത് അത്രയെളുപ്പം മാഞ്ഞ് പോവുന്നതല്ലയെന്ന് മനസ്സിലാകുന്നത്.

ഇപ്പോഴും അത്തരം കോളനികളില്‍ താമസിക്കുകയും തങ്ങളുടെ മകളെയോ മകനെയോ ദളിത് കുട്ടികള്‍ക്കൊപ്പം കളിക്കാനോ കൂട്ടുകൂടുവാനോ അനുവദിക്കാത്തവരും അനവധിയാണ് . ജന്മം കൊണ്ടല്ലെങ്കിലും(ദളിത് ജാതിയില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതിലൂടെയോ )ഏതെങ്കിലും തരത്തില്‍ ഇവരും ദളിത് ജീവിതങ്ങളുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണെന്നത് ചിന്തിക്കേണ്ടതാണ്. ഇവിടുത്തെ ആണ്‍കുട്ടികള്‍ കഞ്ചാവ്, കള്ള് തുടങ്ങിയവ ഉപയോഗിക്കുന്നവരാണെന്ന് അടിസ്ഥാനമില്ലാതെ സ്ഥാപിച്ചു കളയും .

ഇത്തരത്തില്‍ തങ്ങളുടെ വേഷവിധാനങ്ങളോ , മുടിയുടെ സ്‌റ്റൈലുകളോ ഒന്ന് മാറിയാല്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ കുറ്റവാളികളായി നില്‍ക്കേണ്ടവരാണ് ദളിത് ജീവിതം നയിക്കുന്ന ആണ്‍കുട്ടികള്‍. പെണ്‍കുട്ടികളെ ഇത്തരം ഒരാക്രമണത്തില്‍ നിന്ന് ഒരു പരിധിവരെ മാറ്റിനിര്‍ത്തിയിരിക്കുന്നു . വേഷവിധാനങ്ങളില്‍ പല കളറുകളെയും ദളിതര്‍ക്ക് വേണ്ടി തെരഞ്ഞെടുത്തു മാറ്റി നിര്‍ത്തിയിരിക്കുന്നു. പെലപ്പള്ളിപോലെ പെല കളറുകള്‍ എന്നുള്ള പദപ്രയോഗം ഇന്ന് വളരെ സാധാരണീകരിച്ച് ഉപയോഗിക്കുന്ന ഒന്നാണ്. ഇങ്ങനെ മാറ്റി നിര്‍ത്തിയിരിക്കുന്ന കളറുകള്‍ക്കൊപ്പം വര്‍ണ്ണങ്ങള്‍ കൂടുതലുള്ളത് ധരിച്ചാലോ അത് മറ്റാരെങ്കിലും നല്‍കിയ ഔദാര്യമാണോയെന്നായിരിക്കും അടുത്ത ചോദ്യം. ഇപ്പോഴും കുറച്ച് സമ്പന്നരുടെ കാരുണ്യംകൊണ്ട് മാത്രമാണ് ദളിത് ജീവിതങ്ങള്‍ മുന്‍പോട്ട് പോകുന്നതെന്ന ധാരണ നിലനില്‍ക്കുന്നു .

മുടി നീട്ടി വളര്‍ത്തിയ കറുത്ത പയ്യന്‍, കയ്യില്‍ ചരട് കെട്ടിയവന്‍, കഴുത്തില്‍ മാലയിട്ടവന്‍ ഇവരെല്ലാം പൊതുസമൂഹത്തിന്റെയും ഒരേ സമയം നിയമത്തിന്റെയും നോട്ടപ്പുള്ളികളാകുന്നു . ഒരു കുറ്റവും ചെയ്യാതെ തന്നെ പല തരം വിചാരണകള്‍ക്ക് വിധേയരാകേണ്ടി വരുന്നു. ഇത്തരത്തില്‍ മുടി നീട്ടി വളര്‍ത്തിയ, താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ നേരിടുന്നൊരു ചോദ്യമാണ് നീ കഞ്ചാവണല്ലേ എന്നത് . ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാത്തവര്‍ ഇവരെ അംഗീകരിക്കുന്നുവെന്നല്ല പകരം അവരെ പറഞ്ഞാലും നന്നാവത്തരായി എഴുതി തള്ളുന്നു .

ഓരോ ദളിത് ജീവിതങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏതെങ്കിലും ഒക്കെ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്ന് സ്വീകരിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലുടനീളം ഇത്തരം സഹായങ്ങള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു ആ കാലയളവില്‍ പഠനം നിര്‍ത്തുകയോ മുടങ്ങുകയോ ചെയ്താല്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ പലപ്പോഴും ദളിതരെ പ്രതിക്കൂട്ടിലാക്കുന്ന ഒന്നാണ്. ഞങ്ങളെപ്പോലെയല്ലല്ലോ നിങ്ങള്‍ പഠിക്കാനും ജോലിക്കും ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലേ എന്നിട്ടും എന്താണ് നിങ്ങള്‍ നന്നാവത്തത്. ശരിയാണ് ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റുമ്പോള്‍ തന്നെ ഇതുപോലെയുള്ള എത്ര ചോദ്യങ്ങളെയും , നിങ്ങള്‍ ഞങ്ങള്‍ക്കുള്ളത് തട്ടിയെടുക്കുകയാണെന്ന കുറ്റപ്പെടുത്തലുകളെയും നേരിടുന്നുണ്ടാവും.

തങ്ങള്‍ ദളിതനാണെന്നുള്ള അപകര്‍ഷതാ ബോധമല്ല മറിച്ച് നിങ്ങള്‍ ഞങ്ങള്‍ക്കുള്ളത് തട്ടിയെടുക്കുന്നവരാണെന്ന രീതിയിലുള്ള നോട്ടങ്ങളെയും ചോദ്യങ്ങളെയു വേര്‍തിരിക്കലുകളെയും നേരിടാന്‍ പറ്റാത്തവരാണ് പകുതിവഴിയില്‍ വെച്ച് വീണുപോകുന്നത്. ഇത്തരം അപകര്‍ഷതാ ബോധ്യങ്ങളെ തള്ളി തുടര്‍ന്നു പഠിക്കുന്നവരാകട്ടെ മറ്റ് ചില ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു. നിനക്ക് എല്ലാ സെമസ്റ്ററും കിട്ടിയോ? , സപ്ലിയുണ്ടോ ?, ഈവക ചോദ്യങ്ങള്‍ക്ക് ഇല്ലയെന്നാണ് മറുപടിയെങ്കില്‍ അതെങ്ങനെ ഒപ്പിച്ചെന്നാവും അഥവാ ഉണ്ടെന്നാണെങ്കിലോ സര്‍ക്കാര്‍ ചെലവല്ലേ നന്നായിക്കൂടേയെന്നാവും .

സര്‍ക്കാര്‍ ജോലികളിലും , പി.എസ്.സി റാങ്ക് ലിസ്റ്റുകളിലും കടന്നു കൂടുന്നവരുടെ എണ്ണം നോക്കിയാല്‍ മതി എത്രത്തോളം തട്ടിയെടുപ്പുകളാണ് ദളിത് വിഭാഗങ്ങള്‍ നടത്തുന്നതെന്നറിയാന്‍. സംവരണ ലിസ്റ്റിലില്‍ അല്ലാതെ ഒരു ദളിതനെയും മെയിന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാതെയിരിക്കുമ്പോഴാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രതികളായി പൊതുസമൂഹത്തിന്റെ വിചാരണ ദളിത് വിഭാഗങ്ങള്‍ നേരിടുന്നത്. ജാതിയും മതവും വെടിയുന്ന ഒരു സവര്‍ണ ജനതയ്ക്ക് ലഭിക്കുന്ന പൊതുഅംഗീകാരങ്ങളൊന്നും തന്നെ ദളിതന് ലഭിക്കുന്നില്ല. ജാതി വെടിഞ്ഞാലും അവന്‍ പുലയനോ പറയനോ മാത്രമാണ് . പൊതു അംഗീകാരങ്ങള്‍ ലഭിക്കുന്നില്ലയെന്ന് മാത്രമല്ല നിയമസാധുതയോടു കൂടി ലഭിക്കേണ്ട പല തരത്തിലുള്ള അവകാശങ്ങളില്‍ നിന്നും അവര്‍ പുറത്താവുകയും ചെയ്യുന്നു.

മറ്റു ഉയര്‍ന്ന യോഗ്യാത പരീക്ഷകളിലാവട്ടെ ദളിത് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തെ അവര്‍ ഒട്ടും പ്രയത്‌നിക്കാതെ നേടിയെടുക്കുന്നതായി ചിത്രീകരിക്കുന്നു .Say No to Reservation System in India എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ വരുന്ന ട്രോളുകള്‍ ഇത്തരത്തിലുള്ള ധാരണ പൊതുവായി ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ്. യോഗ്യതാ പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ പഠിക്കുമ്പോള്‍ ഒരു വശത്ത് മാറിക്കിടന്നുറങ്ങുന്ന ദളിത് വിദ്യാര്‍ത്ഥികളാണ് ഒരു ചിത്രത്തില്‍ , പി.എസ്.സി യെ ഉള്‍ക്കൊള്ളിക്കുന്ന മറ്റൊന്നിലാകട്ടെ General വിഭാഗത്തിന്റെ മുന്‍പില്‍ കുണ്ടും കുഴിയും നിറഞ്ഞ വഴിയും, ദളിത് വിഭാഗങ്ങള്‍ക്ക് വളരെയെളുപ്പമായ പരവതാനി വിരിച്ച വഴിയും. അതിലൂടെ അവര്‍ എളുപ്പത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റുന്നുവെന്ന ധാരണ പരത്തുവാനും കഴിയുന്നുണ്ട്.

എന്നാല്‍ ഈ രണ്ട് കാര്യത്തിലും എന്തടിസ്ഥാനത്തിലാണ് ദളിത് വിദ്യാര്‍ത്ഥികള്‍ ഒട്ടും പ്രയാസപ്പെടാതെയാണ് തങ്ങളുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നത് എന്ന് പറയുന്നത് മനസ്സിലാകുന്നില്ല . എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെയുള്ള പൊതുപരീക്ഷകളില്‍ ബോര്‍ഡോ, യൂണിവേഴ്‌സിറ്റിയോ പറയുന്ന മാര്‍ക്ക് അല്ലെങ്കില്‍ ഗ്രേഡ് മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ദളിത് വിദ്യാര്‍ത്ഥിക്കും പൊതുവാണ് , അത് നേടാതെ ഈ കടമ്പകള്‍ കടക്കാനാവുന്നില്ല. മാത്രമല്ല അത്തരം പരീക്ഷകളില്‍ മറ്റ് വിദ്യാര്‍ത്ഥികളും ദളിതരും രജിസ്റ്റര്‍ നമ്പര്‍, ഡേറ്റ്, വിഷയം എന്നിവ മാത്രമാണ് തങ്ങളെക്കുറിച്ചുള്ള തിരിച്ചറിയിലായി രേഖപ്പെടുത്തുന്നത്.

അത് കൂടാതെ ജാതി രേഖപ്പെടുത്തുന്ന പതിവില്ല . ഇനി ഡിഗ്രി കഴിഞ്ഞ ഉയര്‍ന്ന യോഗ്യത പരീക്ഷകളില്‍ ജാതി ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നുള്ളൂ. നെറ്റ് , പി.എസ്.സി പരീക്ഷകളിലാവട്ടെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് നേടേണ്ട മാര്‍ക്കില്‍ വ്യത്യാസമുണ്ടെങ്കിലും മറ്റ് വിഭാഗങ്ങളെപോലെ തന്നെ നിരന്തരമായ വായനയിലൂടെയും പഠനത്തിലൂടെയും മാത്രമേ അവര്‍ക്കത് നേടാന്‍ കഴിയുന്നുള്ളൂ. അങ്ങനെയിരിക്കുമ്പോള്‍ കിടന്നുറങ്ങി നേടുന്നതാണ് ദളിത് വിഭാഗങ്ങളുടെ യോഗ്യതകളെന്ന പരിഹാസം വിമര്‍ശനവിധേയമാക്കേണ്ടതാണ് .

കേരളീയാന്തരീക്ഷത്തില്‍ ഏതൊരു ദളിതനും തങ്ങളുടെ ദളിതത്വം മറച്ചുവക്കുവാനാണ് ആദ്യം പഠിക്കുന്നത്. അത് മറച്ചുവയ്‌ക്കേണ്ടതാണെന്ന് അവനെ പഠിപ്പിക്കുന്നുവെന്ന് തന്നെ പറയാം. ദളിതത്വം എന്നത് പലതരം ഔദാര്യങ്ങളെ പിന്‍പറ്റി ജീവിക്കുന്ന ഒന്ന് മാത്രമാണെന്നാണ് അവര്‍ പറഞ്ഞുതരുന്നത് . ആ ഒന്നെന്ന് പറയുന്നത് പലപ്പോഴും ജീവനുള്ളപ്പോള്‍ തന്നെ ജീവനില്ലാത്ത വസ്തുവിനെ പോലെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്. മറ്റു ജാതിക്കാര്‍ തങ്ങളുടെ ജാതിപ്പേരുകള്‍ തങ്ങളുടെ വ്യക്തിത്വത്തിന്റെ അടയാളമായി കൊണ്ടുനടക്കുമ്പോള്‍ ദളിത് വിഭാഗങ്ങള്‍ക്ക് ഇതിനുള്ള അവസരവും നിഷേധിക്കുന്നു. മാത്രമല്ല പൊതുഅഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ എത്തരത്തിലാണോ അവളുടെ ലൈംഗികതയെക്കുറിച്ച് പറഞ്ഞ് അപമാനിക്കുന്നത് അത് പോലെ ദളിതനെ പറഞ്ഞ് അപമാനിക്കാനുള്ള ഒന്നായി അവന്റെ ജാതിയെ മാറ്റിത്തീര്‍ക്കുകയാണ് ചെയ്തത്. ഇവിടെയെല്ലാം തന്നെ ജാതിയില്ലാ കേരളം എന്ന് പറയുമ്പോള്‍ ജാതി എങ്ങനെയാണ് അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.

വേഷവും വിദ്യാഭ്യാസവും മാത്രമല്ല ഭക്ഷണവും ജാതിയുടെ വേര്‍തിരിവുകളില്‍ ഉള്‍പ്പെട്ട ഒന്നാണ്. താഴ്ന്ന ജാതിയില്‍ ഉള്‍പ്പെട്ടവരുടെ ഭക്ഷണങ്ങള്‍ കഴിക്കാത്ത ഒരു വിഭാഗം ജനങ്ങള്‍ ഇന്നും ജീവിക്കുന്നുണ്ട്. വിവാഹസല്‍ക്കാരങ്ങളിലോ, മറ്റ് വിശേഷാവസരങ്ങളിലോ മറ്റെന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ഭക്ഷണത്തില്‍ പങ്കെടുക്കാതെ വളരെ വേഗം പോകുന്നൊരു തന്ത്രം ഇതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. കഴിഞ്ഞ നാളുകളിലായി തൊഴിലുറപ്പിനായി വന്ന സ്ത്രീകള്‍ ഭക്ഷണം കഴിക്കാത്തതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ ഇത്തരം രീതികള്‍ ഇന്നും തുടര്‍ന്നു പോരുന്നു എന്നതിനെ കൂടുതല്‍ അടിവരയിട്ടു ഉറപ്പിക്കുന്നു.

തന്റെ സ്വപ്നം എന്ന് പറയുന്നത് തന്റെ സമുദായത്തില്‍ നിന്ന് പത്ത് ബി.എക്കാര്‍ ഉണ്ടാവുകയെന്നതാണെന്ന് അയ്യങ്കാളി പറയുന്നുണ്ട് . സ്‌കൂള്‍ പ്രവേശനം അനുവദിച്ചു തന്നുക്കൊണ്ട് അദ്ദേഹം തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യപടി തുറന്നുവെച്ചു. ഭരണഘടനാ നിര്‍മ്മാണത്തില്‍ ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചുകൊണ്ട് അംബേദ്ക്കറും ആ സ്വപ്നത്തിന്റെ ഭാഗമായി. എന്നിരുന്നാല്‍ തന്നെയും ഇത്തരം ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ പകുതിയില്‍വെച്ച് ഉപേക്ഷിക്കേണ്ടി വരുന്നത് കേരളം സൂക്ഷിക്കുന്ന ജാതി ബോധത്തിന്റെ ഭാഗമാണെന്ന് തന്നെ പറയണം. ജാതിയെന്ന് പറയുന്നത് അനുഭവിക്കുന്നവരെ സംബന്ധിച്ച് യാഥാര്‍ത്ഥ്യമാണ് . അതിനു വെളിയില്‍ നില്‍ക്കുന്നവര്‍ക്ക് നവോത്ഥാനശ്രമങ്ങളുടെ ഫലമായി അതെന്നേ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതും.

നീതു ഉണ്ണി പാടത്തി

Latest Stories

We use cookies to give you the best possible experience. Learn more