ഭോപ്പാല്‍: മധ്യപ്രദേശിലെ ടികംഗര്‍ഹ് ജില്ലയിലെ മോഖ്ര ഗ്രാമത്തില്‍ സ്വന്തം വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് സഞ്ചരിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട വരന് നേരെ ആക്രമണം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ദളിത് യുവാവായ ജിതേന്ദ്ര അഹിര്‍വാറിന് നേരെയാണ് ഘോഷയാത്രക്കിടെ ആക്രമണം ഉണ്ടായത്. ഭാന്‍ കുന്‍വര്‍ രാജ പര്‍മര്‍ എന്ന സ്ത്രീയും സൂര്യപാല്‍, ഡ്രിഗ്പാല്‍ എന്നീ രണ്ട് പേരും ചേര്‍ന്നാണ് അഹിര്‍വാറിനെ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഹിര്‍വാറിന് നേരെ പര്‍മര്‍ എന്ന സ്ത്രീ കല്ലെറിയുന്ന ദൃശ്യങ്ങലും പുറത്തു വന്നിട്ടുണ്ട്.
ഘോഷയാത്രക്കിടെ പര്‍മര്‍, അഹിര്‍വാറിനെതിരെ കല്ലെറിയുന്നതും ജാതീയമായി അധിക്ഷേപിച്ച് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു ‘താഴ്ന്ന ജാതിക്കാരന്’ എങ്ങനെ പെണ്‍കുതിരയെ ഓടിക്കാന്‍ കഴിയുമെന്നും അവര്‍ ചോദിക്കുന്നുണ്ട്.
‘ഞങ്ങളുടെ യാത്ര കടന്നുപോകുമ്പോള്‍ അവര്‍ ഞങ്ങളെ തടഞ്ഞു കല്ലെറിഞ്ഞു. കുതിരപ്പുറത്ത് നിന്ന് ഇറങ്ങി നഗ്‌നപാദനായി നടക്കാന്‍ എന്നോട് പറഞ്ഞു. അവരുടെ വീടുകള്‍ക്ക് സമീപം ചെരിപ്പുകള്‍ പോലും ധരിക്കരുതെന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ അപമാനിച്ചു,’ അഹിര്‍വാര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇതേത്തുടര്‍ന്നുള്ള ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അഹിര്‍വാറിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരം ആക്രമണം, തടഞ്ഞുവെക്കല്‍, ക്രിമിനല്‍ ഭീഷണി, അശ്ലീല പെരുമാറ്റം എന്നിവയ്ക്കൊപ്പം പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പര്‍മറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ബഡാഗോണ്‍ ദാസന സ്റ്റേഷന്‍ ഇന്‍ചാര്‍ജ് നരേന്ദ്ര വര്‍മ്മയെ ഉദ്ധരിച്ചുകൊണ്ട് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
content highlights: dalit groom pelted on horse in madhya pradesh