ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ദളിത് കുടുംബത്തെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. യു.പിയിലെ റാസ്രയില്‍ ഒരു ഹാളില്‍ നടന്ന ചടങ്ങിനിടെയാണ് കുടുംബം മര്‍ദിക്കപ്പെട്ടത്. ഇന്ന് (ജൂണ്‍ ഒന്ന്, ഞായര്‍) രാവിലെയോടെയാണ് സംഭവം നടന്നത്.
ഒരു ദളിത് കുടുംബത്തിന് എങ്ങനെ ഹാളില്‍ വിവാഹം നടത്താന്‍ കഴിയുമെന്ന് ആക്രോശിച്ചാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. വടികളും ഇരുമ്പ് ദണ്ഡുകളുമായെത്തിയ 20ഓളം പേര്‍ ഹാളിലേക്ക് അതിക്രമിച്ച് കയറി കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അജയ് കുമാര്‍, മനന്‍ കാന്ത് എന്നീ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. പരിക്കേറ്റവരുടെ സഹോദരന്‍ രാഘവേന്ദ്ര ഗൗതം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം സ്ഥലത്തുണ്ടായിരുന്ന 15ലധികം വരുന്ന യുവാക്കളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും റാസ്ര പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് വിപിന്‍ സിങ് പറഞ്ഞു.
എന്നാൽ മല്ല ടോളിയില്‍ നിന്നെത്തിയ അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നീ യുവാക്കളാണ് അക്രമികളുടെ സംഘത്തിന് നേതൃത്വം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഉത്തർപ്രദേശിൽ ഇത് തുടർച്ചയായ സംഭവമാണ്.
ഏപ്രിലില്‍ ആഗ്രയില്‍ വിവാഹ ഘോഷയാത്രക്കിടെ ഉച്ചത്തില്‍ പാട്ട് വെച്ചെന്നാരോപിച്ച് ദളിത് വരനെ ‘ഉയര്‍ന്ന ജാതിക്കാര്‍’ ചേര്‍ന്ന് ആക്രമിച്ചിരുന്നു. ആഗ്രയിലെ നാഗ്ല തല്‍ഫിയിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ വിവാഹസംഘത്തിലെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര റോഡിലൂടെ നീങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ വടികളും ആയുധങ്ങളുമായെത്തി വരനെയും വിവാഹ ഘോഷയാത്രയിലുണ്ടായിരുന്ന മറ്റ് നിരവധി പേരെയും ആക്രമിക്കുകയായിരുന്നു.
മാര്‍ച്ചില്‍ വിവാഹ ഘോഷയാത്രയില്‍ പാട്ട് വെച്ചതിന് ദളിത് വരനെയും വധുവിനെയും സവര്‍ണര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. പാട്ട് വെച്ചതിന്റെ പേരില്‍ പത്തോളം ‘ഉയര്‍ന്ന ജാതി’ക്കാരായ പുരുഷന്മാര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. സംഭവത്തില്‍ വരനും വധുവും ഉളപ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Content Highlight: Dalit family not allowed to get wedding held in hall; ‘uper caste’ enters hall and attacks family