| Friday, 14th November 2025, 3:27 pm

ഒന്നര വര്‍ഷം മുമ്പ് നിങ്ങള്‍ മികച്ചതായിരുന്നു, പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല; സൂപ്പര്‍ ബൗളറെക്കുറിച്ച് സ്റ്റെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന സമയത്ത് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെ ടീമില്‍ എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയിന്‍.

എന്നാല്‍ സ്റ്റെയ്ന്‍ പരിശീലന സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് ഷമിയെ ലഭിച്ചതെന്നും ഇനി അവര്‍ ഷമിയെ നഷ്ടപ്പെടുത്തിയാല്‍ താന്‍ നിരാശനാകുമെന്നും മുന്‍ പേസര്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ ബൗളര്‍മാരുടെ കാര്യത്തില്‍ ഫിറ്റ്‌നസും ഫോമും പ്രധാനഘടകമാണെന്നും താരങ്ങള്‍ ഫിറ്റായിരിക്കാനാണ് ഫ്രാഞ്ചൈസി ആഗ്രഹിക്കുന്നതെന്നും സ്‌റ്റെയിന്‍ പറഞ്ഞു. മാത്രമല്ല ഒന്നരവര്‍ഷം മുമ്പ് ഷമി മികച്ചതായിരുന്നു എന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിറ്റ്‌നസിന്റെ കുറവ് മൂലം ഫ്രാഞ്ചൈസി താരത്തെ വിട്ടുകൊടുക്കാന്‍ സാധ്യതയുണ്ടെന്നും സ്‌റ്റെയിന്‍ പറഞ്ഞു.

‘ഞാന്‍ എസ്.ആര്‍.എച്ചിന്റെ ബൗളിങ് പരിശീലകനായിരുന്നപ്പോള്‍, ‘ദയവായി, നമുക്ക് മുഹമ്മദ് ഷമിയെ എങ്ങനെയെങ്കിലും കിട്ടുമോ?’ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ പരിശീലകനല്ലാത്ത സമയം അവര്‍ക്ക് അദ്ദേഹത്തെ കിട്ടി. അവര്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്തിയാല്‍ ഞാന്‍ നിരാശനാകും.

ഐ.പി.എല്ലിന്റെ കാര്യത്തില്‍, പ്രത്യേകിച്ച് ബൗളര്‍മാരുടെ കാര്യത്തില്‍ ഫിറ്റ്‌നസും ഫോമും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ബൗളര്‍മാര്‍ ഫിറ്റായിരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

ഒന്നര വര്‍ഷം മുമ്പ് നിങ്ങള്‍ മികച്ചതായിരുന്നു, പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. അതിനാല്‍ നിങ്ങളെ അവര്‍ വിട്ടയച്ചേക്കാം. പക്ഷേ അതെ, മൂന്ന് വര്‍ഷം മുമ്പ്, ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍, ഞാന്‍ അദ്ദേഹത്തിനായി യാചിക്കുകയായിരുന്നു,’ ജിയോഹോട്ട്സ്റ്റാറിന്റെ സ്‌റ്റെയ്ന്‍ പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്‍ സീസണിലാണ് മുഹമ്മദ് ഷമി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളത്തില്‍ ഇറങ്ങിയത്. 10കോടിക്കാണ് താരത്തെ ടീം സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന് 9 മത്സരങ്ങളില്‍ നിന്ന് 6 വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 11.23 എന്ന എക്കോണമിയിലായിരുന്നു ഷമിയുടെ ബൗളിങ്.

2023ലെ ഏകദിന ലോകകപ്പില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ ഷമി ഏറെക്കാലം ചികിത്സയിലായിരുന്നു. പിന്നീട് തിരിച്ചുവന്നെങ്കിലും ഫിറ്റ്‌നസിന്റെ അഭാവം ചൂണ്ടിക്കാണിച്ച് താരത്തെ തഴയുകയായിരുന്നു ഇന്ത്യന്‍ ടീം.

Content Highlight: Dale Steyn Talking About Mohammad Shami

We use cookies to give you the best possible experience. Learn more