| Friday, 12th June 2026, 5:22 pm

അവന്‍ സച്ചിന്റെയും കോഹ്‌ലിയുടെയും മുകളിലെത്തും: സ്റ്റെയ്ന്‍

Sudev A

ഇന്ത്യന്‍ യുവവിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയും നേടിയ നേട്ടങ്ങളെക്കാള്‍ മുകളില്‍ വൈഭവ് എത്തുമെന്നാണ് സ്റ്റെയ്ന്‍ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച നിധിയാണ് വൈഭവെന്നും സ്റ്റെയ്ന്‍ അഭിപ്രായപ്പെട്ടു. എസ്.എ ടി-20യുടെ അഞ്ചാം സീസണിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സ്റ്റെയ്ന്‍.

‘സച്ചിന്‍, വിരാട് പോലുള്ള താരങ്ങളെക്കുറിച്ചാണോ നിങ്ങള്‍ ചിന്തിക്കുന്നത്? ഈ കുട്ടി ഭാവിയില്‍ അതിനേക്കാള്‍ വലിയ താരമാവാന്‍ സാധ്യതയുണ്ട്. കരിയര്‍ അവസാനിക്കുമ്പോള്‍ സച്ചിന്‍, വിരാട് എന്നിവര്‍ നേടിയ നേട്ടങ്ങളെക്കാള്‍ മുകളില്‍ വലിയ കാര്യങ്ങള്‍ സ്വന്തമാക്കാന്‍ അവന് സാധിക്കും. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ 14-15 വയസുള്ള അത്ഭുത പ്രതിഭയുണ്ടോയെന്ന് എനിക്കറിയില്ല. ഉണ്ടെങ്കില്‍ പോലും അതിനെക്കുറിച്ച് എനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല.

എങ്കിലും ഒരു കാര്യം ഉറപ്പാണ് സൗത്ത് ആഫ്രിക്കയിലും പ്രതിഭയുള്ള താരങ്ങള്‍ ഉണ്ട്. എന്നാല്‍ വൈഭവ് സൂര്യവംശി വളരെ പ്രത്യേകതയുള്ള താരമാണ്. ഇപ്പോള്‍ തന്നെ പല ഇന്റര്‍നാഷണല്‍ താരങ്ങളേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ അവന് കഴിയും. അവന്‍ ഒരു അത്ഭുത ബാലനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച വലിയ നിധിയാണ് അവന്‍,’ ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.

2026 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. 48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

2026 ഐ.പി.എല്‍ സീസണിലെ ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത് വൈഭവ് തന്നെയാണ്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വൈഭവ് ആദ്യമായി ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യ ടി-20 ടീമിലാണ് വൈഭവ് ഇടം നേടിയത്.

വൈഭവ് അയര്‍ലാന്‍ഡിനെതിരെ കളത്തിലിറങ്ങുകയാണെങ്കില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 15കാരന്‍ മാറും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവിന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.

അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.

Content Highlight: Dale Steyn praises young Indian player Vaibhav Suryavanshi

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more